മലപ്പുറം: കീഴടങ്ങാതെ, 314 ദിവസം നീണ്ട സമരം. ജീവൻ നിലനിർത്താൻ, അതിൽ 300ൽപ്പരം ദിവസവും ആശ്രയിച്ചത് കുടിവെള്ളംമാത്രം.
ആദിവാസി ഭൂസമരം വിജയത്തിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ബിന്ദു വൈലാശ്ശേരി. സമുദായത്തിലെ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി മുൻപും പലതവണ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട് അവർ.അർഹതപ്പെട്ട ഭൂമി ആദിവാസികൾക്ക് കിട്ടണമെന്ന ആവശ്യവുമായി 2023 മേയ് പത്തിനാണ് നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിനുമുൻപിൽ പന്തൽകെട്ടി സമരം തുടങ്ങിയത്. തിങ്കളാഴ്ച രാത്രിേയാടെ സമരം വിജയത്തിലെത്തി.
ചൊവ്വാഴ്ച രാവിലെ സമരപ്പന്തൽ വിട്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു സമര നായിക.ഒരു മാസംകൊണ്ട് തീരുമെന്നു കരുതിയ സമരമാണ് ഇത്രയേറെ നീണ്ടത്. സമരംപൊളിക്കാൻ സി.പി.എം. കഴിയുന്നതെല്ലാം ചെയ്തെന്ന് ബിന്ദു പറയുന്നു. ഓരോ ആദിവാസി കുടുംബത്തിനും ഒരേക്കർ ഭൂമി നൽകണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്.
തുടക്കത്തിൽ 170 കുടുംബങ്ങൾ ബിന്ദുവിനൊപ്പം നിന്നു. പല കുടുംബങ്ങളെയും സ്വാധീനിച്ച് സമരത്തിൽനിന്ന് പിന്തിരിപ്പിച്ചു. കളക്ടറുമായി ആദ്യംനടത്തിയ ചർച്ചയിൽ 40 സെന്റ് ഭൂമി ഓരോ കുടുംബത്തിനും നൽകാമെന്ന് വാഗ്ദാനമുണ്ടായി.
ചിലരെല്ലാം ആ വാഗ്ദാനം സ്വീകരിച്ച് പിൻമാറി. സമരം അവസാനിക്കുമ്പോൾ 60 കുടുംബങ്ങളാണ് ഒപ്പമുള്ളത്. ഐ.ടി.ഡി.പി. ഉദ്യോഗസ്ഥരും സമരം പരിഹരിക്കാൻ ശ്രമിച്ചില്ലെന്ന് ബിന്ദു ആരോപിച്ചു.
തുടക്കത്തിൽ സമരത്തിനൊപ്പംനിന്ന കുറേപ്പേർക്ക് 40 സെന്റ് സ്വന്തമാക്കാൻ കഴിഞ്ഞതും സമരത്തിന്റെ വിജയമാണെന്ന് ബിന്ദു അവകാശപ്പെട്ടു. നിലമ്പൂരിൽ 500-ഓളം പേർക്ക് പട്ടയവിതരണം നടത്തിയതും സമരത്തിന്റെ ഫലമായി സർക്കാർ കൈക്കൊണ്ട അതിവേഗ നടപടികളാണ്.
ഇതെല്ലാം സമരവിജയമായിത്തന്നെ വേണം കാണാനെന്ന പക്ഷമാണ് ബിന്ദുവിന്. സമരപ്പന്തലിൽനിന്ന് പണിക്കു പോയ ആദിവാസികൾ കൂലി സമരപ്പന്തലിലേക്കാണ് കൊണ്ടുവന്നത്. നാട്ടുകാരും മറ്റും നൽകിയ അരിയും ചക്കയുമടക്കം സമരക്കാരുടെ വിശപ്പു മാറ്റാൻ സഹായമായി.
തുടക്കത്തിൽ ബി.ജെ.പി. വലിയ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചുവടു മാറി. സമരപ്പന്തലിലേക്ക് ഗ്രോ വാസു വന്നതോടെ അതുവരെ അകലംപാലിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസിന്റെ പേരിൽ പിന്തുണ പ്രഖ്യാപിച്ച് കൂടെക്കൂടി. പിന്നീട് അവസാനംവരെ യൂത്ത് കോൺഗ്രസും കോൺഗ്രസും യൂത്ത് ലീഗ് പ്രവർത്തകരും കൂടെയുണ്ടായി.
വെൽഫെയർ പാർട്ടി 314-ാം ദിവസം മലപ്പുറത്ത് ചർച്ച നടത്തുന്നതിനുൾപ്പെടെ ആദ്യാവസാനം കൂടെയുണ്ടായിരുന്നു. ഏറെ വേദനിപ്പിച്ചത് പി.വി. അൻവർ എം.എൽ.എ. പരസ്യമായി തന്നെ അപമാനിച്ചതാണെന്ന് ബിന്ദു പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന്റേയും പി.കെ. ബഷീർ എം.എൽ.എ.യുടേയും ആളായാണ് ബിന്ദു വൈലാശ്ശേരി സമരം നടത്തുന്നതെന്നും സമരപ്പന്തലിൽ പോകാൻ തനിക്ക് മനസ്സില്ലെന്നുമാണ് അൻവർ പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് ബിന്ദു നാലുനാൾ വെള്ളംപോലും കുടിക്കാതെ സമരം നയിച്ചു.
കേന്ദ്രസർക്കാരിന്റെ ആദിവാസി വനാവകാശ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2008-ൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ ഉപവാസ സമരം നടത്തിയിട്ടുണ്ട് ബിന്ദു. സർക്കാർ സർവീസിൽ ആദിവാസികൾക്ക് പ്രത്യേക നിയമനം നടത്തണമെന്നാവശ്യപ്പെട്ട് 2019-ൽ മലപ്പുറം കളക്ടറേറ്റിനു മുൻപിലും ഉപവാസം നടത്തി.
ആദിവാസികൾക്കായി സമഗ്ര വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന ആവശ്യമാണ് അടുത്തതായി ഉന്നയിക്കുന്നത്. 314 ദിവസം നീണ്ട ഭൂസമരം. 300ൽപ്പരം ദിവസം കഴിച്ചത് വെള്ളംമാത്രം. ബിന്ദു വൈലാശ്ശേരി നിലമ്പൂരിൽ നയിച്ച ആദിവാസി ഭൂസമരത്തിന് ഇപ്പോഴിതാ ശുഭപര്യവസാനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.