ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി എത്തുന്ന റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകാൻ ഉത്തരവിടരുതെന്ന് കേന്ദ്ര സർക്കാർ.
അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് എത്തുന്നവർക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്.എന്നാൽ, ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറിൽ (UNHCR ) നിന്ന് ചില റോഹിംഗ്യൻ മുസ്ലിങ്ങൾ അഭയാർത്ഥി കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഈ കാർഡ് ചൂണ്ടിക്കാട്ടിയാണ് അഭയാർത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ UNHCR നൽകുന്ന കാർഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
1951-ലെ യുഎൻ അഭയാർത്ഥി കൺവെൻഷനിലും തുടർന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാൽ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയിൽ അനധികൃതമായി എത്തിയ റോഹിംഗ്യൻ മുസ്ലിങ്ങൾ, പൗരത്വം ലഭിക്കുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും കരസ്ഥമാക്കാൻ ശ്രമിക്കുകയാണ്. മനുഷ്യക്കടത്ത്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഇവർ ഏർപ്പെടുകയാണ്.
ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി എത്തുന്നവർ അസം, പശ്ചിമ ബംഗാൾ തുടങ്ങിയ അയൽ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയിൽ മാറ്റംവരുത്തുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അനധികൃതമായി എത്തിയതിനേത്തുടർന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യൻ മുസ്ലിങ്ങളെ വിട്ടയക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അനധികൃതമായി എത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നതുപോലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്കും പദവി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും അതിൽ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.