തൊടുപുഴ :മാർക്ക്ദാനത്തിനെതിരെ സമരം ചെയ്തവരെ സസ്പെൻഡ് ചെയ്യുകയും റാഗിങ്ങിന് കേസെടുക്കുകയും ചെയ്തതിനെതിരെ കോളജ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർഥികൾ നടത്തിയ സമരം പുലർച്ചെ ഒന്നിന് അവസാനിപ്പിച്ചു.
തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ മുപ്പതോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താമെന്ന് സബ് കലക്ടർ അരുൺ എസ്.നായരുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്.
എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അധ്യാപകർ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.റാഗിങ് നടത്തിയെന്നാരോപിച്ച് കേസുമെടുത്തു. ഇതിനെതിരെയാണ് ഇന്നലെ വൈകിട്ട് മൂന്നിന് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്.
ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർഥികളുമായും പ്രിൻസിപ്പൽ അനീഷ ഷംസുമായും ചർച്ച നടത്തി.സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും പ്രിൻസിപ്പൽ രാജിവയ്ക്കാതെ കെട്ടിടത്തിനു മുകളിൽനിന്ന് ഇറങ്ങില്ലെന്നായിരുന്നു തുടക്കത്തിൽ വിദ്യാർഥികളുടെ നിലപാട്.
മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. സമരത്തിനിടെ കുഴഞ്ഞുവീണ, വിദ്യാർഥിനികളായ എം.മേഘ, ടി.എസ്.കാർത്തിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതോടെ ഡീൻ കുര്യാക്കോസ് എംപിയും കോളജിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.