ഡല്‍ഹി: യു.പി.എ. ഭരണകാലത്തുനടന്ന സ്പെക്ട്രം, കല്‍ക്കരിലേല കുംഭകോണങ്ങളെ രാഷ്ട്രീയായുധമാക്കി അധികാരത്തിലേറിയ ബി.ജെ.പി.യും കല്‍ക്കരിലേലത്തില്‍ സ്വകാര്യകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പഴുതൊരുക്കിയെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്.
ഇപ്പോഴത്തെ കേന്ദ്ര മന്ത്രിമാരായ ആര്.കെ. സിങ്ങും രാജീവ് ചന്ദ്രശേഖറും 2015-ല്‍ ലേലച്ചട്ട വ്യവസ്ഥകള്‍ക്കെതിരേ നല്കിയ മുന്നറിയിപ്പുകള്‍ ഒന്നാം മോദിസര്‍ക്കാര്‍ അവഗണിച്ചെന്നാണ് വെളിപ്പെടുത്തല്‍.4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ 200-ല്‍പ്പരം വരുന്ന ബ്ലോക്കുകളുടെ വിതരണത്തിനായി തയ്യാറാക്കിയ ലേലവ്യവസ്ഥകള്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയതും സ്വകാര്യകമ്പനികള്‍ക്ക് അന്യായലാഭത്തിന് വഴിയൊരുക്കുന്നതുമാണെന്ന മുന്നറിയിപ്പാണ് അന്നത്തെ ബി.ജെ.പി. എം.പി.മാരായിരുന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാര്‍ നല്‍കിയത്.
ഇത് അഴിമതിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്കും കല്‍ക്കരി മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഇരുവരും നല്കി. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല.പിന്നീട് ഇവരുടെ മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കൺട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) പുറത്തുവിട്ടത്.
സര്‍ക്കാരിലേക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തും വിധം സ്വകാര്യ കമ്പനികള്‍ക്ക് ലാഭത്തിന് പഴുതൊരുക്കിയെന്ന കണ്ടെത്തലാണ് സി.എ.ജി. നടത്തിയത്.
എന്നാല്‍, ഇതിന് കടകവിരുദ്ധമായാണ് ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തിലെ മോദി സര്‍ക്കാരിന്റെ അവകാശവാദം.കല്‍ക്കരി വിഭവകൈമാറ്റം സുതാര്യമാക്കി ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് രാജ്യത്തെ നയിച്ചെന്നാണ് ധവളപത്രത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് അവകാശപ്പെട്ടത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്ത് 1.86 ലക്ഷം കോടിയുടെ കല്‍ക്കരിലേല അഴിമതി നടന്നെന്നും ധവളപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.