ഡല്‍ഹി: ശംഭു അതിർത്തിയില്‍ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കർഷക നേതാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് അംബാല പൊലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുമെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കർഷകർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഇതിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, കർഷകർ ഇന്ന് കറുത്ത വെള്ളിയായി ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഖാനുരി അതിർത്തിയില്‍ കർഷകൻ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.ഖനൗരി അതിർത്തിയില്‍ സമരം ചെയ്തിരുന്ന പഞ്ചാബ് ഭട്ടിണ്ഡ സ്വദേശി 24കാരൻ ശുഭ് കരണ്‍ സിങ്ങാണ് ബുധനാഴ്ച മരിച്ചതിനെ തുടർന്ന് കർഷകർ പ്രതിഷേധം താല്‍ക്കാലികമായി നിർത്തിയിരുന്നു.
തലയുടെ പിൻഭാഗത്ത് മുറിവേറ്റാണ് ശുഭ് കരണ്‍ മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹർനം സിങ് രേഖി പറഞ്ഞു. മരണകാരണം വെടിയേറ്റ പരിക്കായിരിക്കാമെന്നും എന്നാല്‍ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം അറിയിച്ചു.
റബർ ബുള്ളറ്റ് ശുഭ് കരണിന്റെ തലയില്‍ പതിച്ചെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പഞ്ചാബ് പട്യാല റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കി. ഈ ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.