കാട്ടുതീ ഭീഷണിയില്‍ വിക്‌ടോറിയ, വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്‌ടോറിയയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു.അതിവേഗത്തില്‍ പടരുന്ന തീ അണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍.

ബെല്‍ഫീല്‍ഡിന് സമീപം ഉണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും കിഴക്ക് ദിശയിലേക്കാണ് തീ നീങ്ങുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

മൗണ്ട് സ്റ്റാപ്പിള്‍ട്ടണിനടുത്തുള്ള പാര്‍ക്കിലാണ് രണ്ടാമതൊരു തീപിടിത്തം ഉണ്ടായത്. നാല് വര്‍ഷത്തിനിടെ ഏറ്റവും തീവ്രമായ താപനിലയാണ് വിക്ടോറിയ സംസ്ഥാനം അഭിമുഖീകരിക്കുന്നത്. വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം.

ഗ്രാമ്പിയന്‍സ് നാഷണല്‍ പാര്‍ക്കിന്റെ പരിസര പ്രദേശങ്ങളില്‍ മാത്രം ഇന്ന് രണ്ട് തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതു നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ പ്രദേശവാസികളോട് അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. 

പുലര്‍ച്ചെയുണ്ടായ കൊടുങ്കാറ്റും മിന്നലുമാണ് തീപിടുത്തങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് അനുമാനം. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റാണ് തീ ആളിപ്പടരാന്‍ സഹായിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സമ്പൂര്‍ണ അഗ്‌നി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടുത്ത താപനില മൂലം സംസ്ഥാനത്തുടനീളം ഏകദേശം 38 സ്‌കൂളുകളും 17 ഡേ കെയര്‍ കേന്ദ്രങ്ങളും അടച്ചിട്ടു. ഡാഡ്സ്വെല്‍സ് ബ്രിഡ്ജ്, റോസസ് ഗ്യാപ്പ്, ലെഡ്കോര്‍ട്ട്, പോമോണല്‍, ബെല്‍ഫീല്‍ഡ്, ലേക് ഫിയാന്‍സ് എന്നിവിടങ്ങളിലെ താമസക്കാരോടാണ് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ക്രോയ്ഡണ്‍, സ്‌കോര്‍സ്ബി, പൂവോങ്, ലിലിഡേല്‍, മൗണ്ട് ഡാന്‍ഡെനോങ്, പകെന്‍ഹാം എന്നിവ ഉള്‍പ്പെടുന്ന മെല്‍ബണിന്റെ ചില ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെല്‍ബണില്‍ രാവിലെ 6 മണിക്ക് 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന താപനില ഉച്ചയ്ക്ക് ഒരു മണിയോടെ 35 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. അവലോണിലും ഗീലോങ്ങിലും ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് താപനില 39 ഡിഗ്രി സെല്‍ഷ്യസിലെത്തിയപ്പോള്‍ വടക്ക്-പടിഞ്ഞാറന്‍ പട്ടണമായ വാള്‍പ്യൂപ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 40.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 

ഇടിമിന്നലിനൊപ്പം ചൂടും വരണ്ടതും കാറ്റുള്ളതുമായ അന്തരീക്ഷം സംസ്ഥാനത്തുടനീളം കാട്ടുതീ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രവചനം. കൊടും ചൂടും വരണ്ടതും കാറ്റുള്ളതുമായ കാലാവസ്ഥയാണ് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. 2019-20 കാലയളവില്‍ രാജ്യം നേരിട്ട ‘ബ്ലാക്ക് സമ്മര്‍’ എന്ന വിശേഷിപ്പിച്ച കാട്ടുതീ സംഭവങ്ങള്‍ക്കു ശേഷം ഏറ്റവും കടുത്ത അപകടരമായ സാഹചര്യമാണ് വിക്‌ടോറിയ ഇപ്പോള്‍ നേരിടുന്നതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.

വിക്ടോറിയക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഗ്രാമ്പിയന്‍സ് നാഷണല്‍ പാര്‍ക്ക്, ഗ്രേഞ്ച് സ്റ്റേറ്റ് ഫോറസ്റ്റ് തുടങ്ങിയ ദേശീയ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ തീ ആരംഭിച്ചാല്‍, അവ പെട്ടെന്ന് നിയന്ത്രണാതീതമാകുകയും നിങ്ങളുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യുമെന്ന് ഫോറസ്റ്റ് ഫയര്‍ മാനേജ്മെന്റ് വിക്ടോറിയ പറഞ്ഞു.

താപനില 40 ഡിഗ്രിയോട് അടുത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കാട്ടുതീ സാധ്യതയുള്ള മേഖലകളായി അധികൃതര്‍ തിരിച്ചിട്ടുണ്ട്. വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദേശിച്ചു. എന്നാല്‍ ചൊവ്വാഴ്ച മെല്‍ബണിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലുണ്ടായി, മഞ്ഞുവീഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !