2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. ''ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.''- ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗൻയാൻ' യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. ലെനയും ചടങ്ങിൽ പങ്കെടുത്തു. 2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം എന്നാണ് ലെന കുറിച്ചത്.
ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെൻമാറ സ്വദേശിയാണ്.
ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്.
പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.