കൊച്ചി: കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ പ്രാതിനിധൃത്തില്‍ കുറവ് വരുന്ന സാഹചര്യം ദേശീയ നേതൃത്വം പരിഗണിച്ചേക്കും.
നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂണ്‍ 21 വരെയാണ്. ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ കെ സി വേണുഗോപാലിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും.വേണുഗോപാല്‍ രാജിവയ്ക്കുന്ന ഒഴിവില്‍ നിന്ന് വീണ്ടും വിജയിച്ചു വരാനുള്ള സാഹചര്യം ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിനില്ല.
രണ്ട് കൊല്ലം കൂടി കാലാവധി ശേഷിക്കെ കൈവശമുള്ള രാജ്യസഭാ സീറ്റില്‍ ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിനുണ്ട്.
രാജ്യസഭയിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തിന് ശ്രമിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിൻ്റെ ദേശീയ ജനറല്‍ സെക്രട്ടറി ബിജെപിക്ക് സഹായകമാകുന്ന നിലയില്‍ സീറ്റ് രാജിവെയ്ക്കുന്നതില്‍ കോണ്‍ഗ്രസിലും എതിർപ്പ് ഉയർന്നേക്കും.
ഇപ്പോള്‍ 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേയ്ക്ക് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കർണ്ണാടകയിലും ഹിമാചല്‍ പ്രദേശിലും ബിജെപി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
നിലവിലെ കക്ഷിനില വെച്ച് കർണ്ണാടകയില്‍ കോണ്‍ഗ്രസിന് മൂന്ന് രാജ്യസഭാ അംഗങ്ങളെയും ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു രാജ്യസഭാ അംഗത്തെയും വിജയിപ്പിക്കാൻ കഴിയും.
എന്നാല്‍ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി കർണ്ണാടകയില്‍ നിന്ന് ഒരു സീറ്റ് കൂടുതല്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഹിമാചലില്‍ ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേയ്ക്ക് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്ങ്‌വിക്കെതിരെയും ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
ഉത്തർപ്രദേശില്‍ ഒഴിവുള്ള പത്ത് രാജ്യസഭാ സീറ്റില്‍ ഏഴെണ്ണം ബിജെപിക്കും മൂന്നെണ്ണം എസ് പിക്കും നിലവിലെ നിയമസഭാ കക്ഷിനില അനുസരിച്ച് വിജയിക്കാൻ കഴിയും. എന്നാല്‍ എട്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തി ഉത്തർപ്രദേശില്‍ എസ് പിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്ന സീറ്റ് കൂടി നേടാനുള്ള ശ്രമത്തിലാണ് ബിജെപി.
മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെയാണ് എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മത്സരിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ 10 എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഈ നിലയില്‍ ഇൻഡ്യ മുന്നണിയിലെ കക്ഷികള്‍ക്ക് രാജ്യസഭയില്‍ നിയമസഭകളിലെ കക്ഷിനില അനുസരിച്ച് ലഭിക്കേണ്ട പ്രാധിനിത്യം കൂടി തടയുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിൻ്റെ സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ഗുണകരമാകില്ല എന്ന വിമർശനം പരിഗണിക്കാതെ പോകാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞേക്കില്ല. നിലവില്‍ പത്ത് രാജ്യസഭാ സീറ്റുള്ള രാജസ്ഥാനില്‍ ആറെണ്ണവും കോണ്‍ഗ്രസിനാണ്.
രാജ്യസഭയില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാൻ ഇൻഡ്യ സഖ്യം ശ്രമിക്കുമ്ബോള്‍ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ സീറ്റ് ബിജെപിക്ക് സഹായകമാകുന്ന സാഹചര്യത്തെ കോണ്‍ഗ്രസ് ഒഴിവാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
കേരളത്തില്‍ നിന്ന് കെ സി വേണുഗോപാല്‍ മത്സരിക്കാൻ തീരുമാനിച്ചാല്‍ സ്വാഭാവികമായും ഈ നിലയിലുള്ള ചർച്ചകള്‍ രാഷ്ട്രീയമായി ഉയരുമെന്നതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.