അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കേ, എന്തും പ്രചാരണായുധങ്ങളാക്കാൻ പാർട്ടികള്‍ തിരക്കുകൂട്ടുകയാണ്. അതിടയിലാണ് വിചിത്രമായ പ്രചാരണ മാർഗവുമായി ആന്ധ്രാപ്രദേശിലെ പാർട്ടികള്‍ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിപ്പിക്കുന്നത്.
തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി പേരുകളും അച്ചടിച്ച പാക്കറ്റുകളില്‍ ഗർഭനിരോധന ഉറകള്‍ വിതരണംചെയ്താണ് പാർട്ടികള്‍ വോട്ടർമാരെ ആകർഷിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.ഭരിക്കുന്ന വൈ.എസ്.ആർ കോണ്‍ഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെയും പേരുകളില്‍ ഗർഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാർട്ടി പ്രവർത്തകർ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്ന കിറ്റുകളിലാണ് ഗർഭനിരോധന ഉറകളും ഉള്‍പ്പെടുത്തയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് പാർട്ടിപേരുകളുള്ള ഗർഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരും, അതുകൊണ്ടാണ് ഗർഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് മറ്റൊരാള്‍ ഇതിന് മറുപടി പറയുന്നതും വീഡിയോയിലുണ്ട്.
ഇരു പാർട്ടികളും ഗർഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ രണ്ടുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ടിഡിപി എത്രത്തോളം തരംതാഴ്ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഇത്തരം നടപടിയെന്ന് വൈഎസ്‌ആർ കോണ്‍ഗ്രസ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. പ്രചാരണത്തിനായി ടിഡിപി ഗർഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നു. എന്തുതരം ഭ്രാന്താണിത്? അടുത്തതായി അവർ വയാഗ്രയും വിതരണംചെയ്യാൻ തുടങ്ങുമോ? ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ',വൈഎസ്‌ആർ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇതിനു മറുപടിയായി വൈഎസ്‌ആർ കോണ്‍ഗ്രസിന്റെ ചിഹ്നമുള്ള ഗർഭനിരോധന ഉറകള്‍ വിതരണംചെയ്യുന്നതിന്റെ വീഡിയോ ടിഡിപിയും എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.