നാഗർകോവിൽ: തിങ്കൾച്ചന്തയ്ക്ക് സമീപം പള്ളി കമ്മിറ്റി മുൻഭാരവാഹിയും ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി മൈലോട് ഇടവക വികാരി റോബിൻസൺ ബുധനാഴ്ച തിരുച്ചെന്തൂർ കോടതിയിൽ കീഴടങ്ങി. രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേശ് ബാബു ഉൾപ്പെടെയുള്ളവർ ഒളിവിൽ തുടരുകയാണ്.
ഇടവകയിലെ വരവുചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്ന ഇടവക അംഗം സേവ്യർകുമാറിനെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ രമേശ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. 5 പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇടവക വികാരി കോടതിയിൽ കീഴടങ്ങിയത്. റോബിൻസണെ ഇരണിയൽ കോടതിയിൽ ഹാജരാക്കാൻ തിരിച്ചെന്തൂർ കോടതി ഉത്തരവിട്ടു.
29ന് ഇരണിയൽ കോടതിയിൽ ഹാജരാക്കും.ഇതിനിടെ, രമേശ് ബാബുവിന്റെ പാർട്ടി അംഗത്വവും പദവികളും താത്കാലികമായി റദ്ദാക്കിയതായി ഡിഎംകെ സംസ്ഥാന പ്രസിഡന്റ് ദുരൈ മുരുകൻ പ്രസ്താവനയിലറിയിച്ചു.പള്ളിയുടെ ഫണ്ടിൽ തിരിമറി നടത്തിയെന്ന് സേവ്യർ നേരത്തെ ആരോപിച്ചിരുന്നു. ഇത് തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സേവ്യർ ആരോപണം ഉന്നയിച്ചപ്പോൾ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ പ്രവർത്തിച്ചിരുന്ന സേവറ്യന്റെ ഭാര്യയെ പിരിച്ചു വിട്ടിരുന്നു. സേവ്യർ മാപ്പ് പറഞ്ഞാൽ ഭാര്യയെ തിരിച്ചെടുക്കാമെന്ന് ഫാ. റോബിൻസൺ പറഞ്ഞിരുന്നു.
മാപ്പ് പറയുന്നതിനായി സേവ്യർ പള്ളിയിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. നിലവിലെ പള്ളി കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്നാണ് സേവ്യറെ ആക്രമിച്ചത്. തുടർന്ന് തേപ്പുപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് സേവ്യറെ കൊലപ്പെടുത്തുകയായിരുന്നു. പള്ളിമേടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും മാറ്റിയ നിലയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.