ധർമപുരി: തമിഴ്ലാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ കാറിന് തീപിടിച്ച് നാല് പേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് അപകടമുണ്ടായത്. നെല്ല് കയറ്റിയ ലോറി, ട്രക്കുകൾ, കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ ജെ വിമൽ കുമാർ (30), ഭാര്യ മതി അനുഷ്‌ക (22), അമ്മായി മഞ്ജു (45), ഭാര്യാസഹോദരി ജെന്നിഫർ (30) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജെ വിനോദ് കുമാർ (32) കുടുംബത്തോടൊപ്പം സഹോദരന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് പോയിരുന്നു. ഇവർ മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി തകർന്നു. വിനോദ് കുമാർ, മകൻ ജെസ്വിൻ (5), മകൾ വിജിഷ (3) എന്നിവരെ രക്ഷപ്പെടുത്തി. കാറിൽ തീ പടർന്നതിനാൽ ബാക്കിയുള്ളവരെ രക്ഷിക്കാനായില്ലെന്ന് ധർമപുരി കളക്ടർ കെ ശാന്തി പറഞ്ഞു.
നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലെ എസ് ആകൃതിയിലുള്ള വളവിൽ അതിവേഗത്തിൽ വന്ന ട്രക്ക് മറ്റൊരു ട്രക്കിൽ ഇടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടിച്ച ട്രക്കുകളിലൊന്നിൽ രാസവസ്തുക്കളായിരുന്നു. ഇതിന് തീപിടിച്ച് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. ഇതിനിടയിൽപ്പെട്ട കാറിലേക്ക് തീ പടർന്നു. കാറിലെ നാല് യാത്രക്കാരും കത്തിയമർന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കാറിൽ നിന്ന് ഇവരെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ നെല്ല് കയറ്റിയ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി തമിഴ്നാട് പൊലീസ് പറഞ്ഞു. 'എസ്' വളവുകൾ കടക്കുമ്പോൾ ഫലപ്രദമായ ബ്രേക്കിംഗിനായി അവർ ബ്രേക്ക് വാക്വം വർദ്ധിപ്പിച്ചിരുന്നതായി ധർമ്മപുരി ആർടിഒ (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ) ഡി ദാമോധരൻ പറഞ്ഞു. എന്ത് സാങ്കേതിക തകരാറ് കാരണമാണ് ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് എന്നറിയാൻ വിപുലമായ അന്വേഷണം വേണമെന്നും ആർടിഒ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.