തിരുവനന്തപുരം: ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് എംഎം മണി എംഎല്‍എ നിയമസഭയില്‍. സഭയെ എംഎം മണി അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.മണിയുടെ പരാമർശം സഭാ രേഖയില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക് പോര് അരങ്ങേറി. കേന്ദ്ര ഏജൻസിയെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയെന്നും,ലോകത്തില്‍ ആദ്യമായി കടമെടുക്കാൻ നടത്തുന്ന സമരമെന്നുമായിരുന്നു പ്രതിപക്ഷ വിമർശനം.
ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടമെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ്റെ മറുപടി. സമരത്തില്‍ യുഡിഎഫ് അണിചേരുമെന്ന പ്രതീക്ഷയും ധനമന്ത്രി സഭയില്‍ പങ്കുവച്ചു. രണ്ട് വർഷം കൊണ്ട് 24000 കോടിയോളം അധികമായി പിരിച്ചു. സംസ്ഥാനത്തിന് അർഹമായ പണം വെട്ടി കുറക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ചോദ്യങ്ങളാണ് ഡല്‍ഹി സമരത്തിൻ്റെ പേരിലുള്ള ഭരണ പ്രതിപക്ഷ തർക്കത്തിലേക്ക് നീങ്ങിയത്. ധനകാര്യ മാനേജ്മെൻ്റിലെ പിഴവും, ധൂർത്ത് മൂലവും കേരളത്തെ കടക്കെണിയിലാക്കിയ ശേഷമാണ് ഡല്‍ഹി സമരമെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശനങ്ങള്‍ക്ക് തുടക്കമിട്ടത്.
കേന്ദ്ര ഏജൻസിയെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണ്ടത്ര നികുതി പിരിക്കാൻ കഴിയുന്നില്ല. സമരം സമ്മേളനം ആക്കി മാറ്റി. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
നർമ്മം കലർത്തിയ വിമർശനങ്ങളായിരുന്നു മുസ്ലിം ലീഗ് എംഎല്‍എമാരായ പി കെ ബഷീറും എൻ എ നെല്ലിക്കുന്നും ഉന്നയിച്ചത്. ലോകത്തില്‍ ആദ്യമായി കടമെടുക്കാൻ നടത്തുന്ന സമരമെന്നായിരുന്നു ലീഗ് എംഎല്‍എ പി കെ ബഷീറിന്‍റെ പരിഹാസം.
എന്ത് ചോദിച്ചാലും കേന്ദ്രം തരട്ടെ കേന്ദ്രം തരട്ടെയെന്നാണ് പറയുന്നത്. തള്ളകോഴി കുഞ്ഞി കോഴികളോട് പറയും പോലെ കേന്ദ്രം നല്‍കിയിട്ട് സംസ്ഥാനം നന്നകുമെന്ന് കരുതുന്നുണ്ടോയെന്ന് നെല്ലിക്കുന്നം ചോദിച്ചു.
കേന്ദ്ര വിഹിതം കുറച്ചതിനെ ന്യായീകരിച്ചവർ സഭയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമർശനങ്ങളെ ധനമന്ത്രി നേരിട്ടത്. സമരം ഫെഡറലിസം സംരക്ഷിക്കാനാണ്. യുഡിഎഫ് സമരത്തില്‍ പങ്കുചേരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. പേരിൻ്റെ കാര്യത്തിലാണ് കോണ്‍ഗ്രസിന് സംശയം എങ്കില്‍ നിങ്ങളോട് കൂടി ആലോചിച്ച് ഇടാമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.