Ajitha Ratheesh ✍️
കോട്ടയം;രാഷ്ടപതി ദ്രൗപതി മുർമു ഇന്ന് പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും.
രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് അവരെയധികം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ വികാരം രാജ്യമാകെ ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിലും പാളയത്തിൽ എത്തിക്കേണ്ടവരെയൊക്കെ പാളയത്തിൽ എത്തിച്ചും തളർത്തേണ്ടവരെ തളർത്തിയും ബിജെപി സംസ്ഥാനങ്ങളിൽ ശക്തമായി സംഘടനെയെ ചലിപ്പിച്ചും മുന്നോട്ടുപോകുമ്പോൾ-ഉത്തരേന്ത്യയിലെ രാമവികാരം കെട്ടടങ്ങുന്നതിനു മുൻപ് ഇലക്ഷൻ പ്രഖ്യാപിക്കും എന്ന് ഉറപ്പാണ്. ഏറിയാൽ അടുത്ത മാസം പകുതിയോടു കൂടി ഉണ്ടാകും എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ മത ദ്രുവീകരണ സാവിശേഷ സാഹചര്യം മനസിലാക്കാതെ അധികാരക്കൊതിയും അഴിമതിയും മാത്രം കഴിഞ്ഞ കാലങ്ങളിൽ കൈമുതലാക്കിയ പ്രതിപക്ഷ സംഘടനകൾ ഇതൊന്നും മനസിലാക്കാതെ ഇപ്പോഴും ഇന്ത്യാ മുന്നണി ശക്തിപെടുത്തുന്ന തിരക്കിലാണ്.
ബിജെപിക്ക് ബദൽ എന്ന് ദേശീയ തലത്തിൽ പറയാവുന്ന കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ അതിലേറെ പരിതാപകരവും ദുർബലവുമാണ്.രാജ്യത്തെ മത രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന വേളയിൽ എപ്പോൾ വേണമെങ്കിലും ഇലക്ഷൻ പ്രഖ്യാപിക്കുന്ന ബിജെപിക്ക് മുന്നിൽ ഇപ്പോഴും ദുർബലമായ സംഘടനാ സംവിധാനത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല, കൃത്യമായ വർക്കിങ് പ്ലാനും ധാരണകളും ഇല്ലാത്ത ഇന്ത്യാ മുന്നണിയുടെ അവസ്ഥയും ഏറെ പരിഹാസ്യമായിരിക്കും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് ബദലായി മൂന്നാം മുന്നണിയുണ്ടാക്കാൻ രാജ്യം മുഴുവൻ യാത്രചെയ്ത് പ്രതിപക്ഷ സംഘടനകളെ കണ്ടും കാലുപിടിച്ചും മുന്നിട്ടിറങ്ങിയ ചന്ദ്ര ബാബു നായിഡു ഇന്ന് ഇന്ത്യാ മുന്നണിയിലോ രാഷ്ട്രീയ ചിത്രത്തിലോ ഇല്ല എന്നത് പ്രതിപക്ഷത്ത് ഇരിക്കുന്ന പല നേതാക്കളിലും ആശങ്ക ജനിപ്പിക്കുന്നതുമാണ് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരിച്ചുപോക്ക്.
എഐഡിഎംകെയെ പിളർത്താതെ പിളർത്തി അണികളെ ബിജെപിയിൽ എത്തിച്ച് അണ്ണാമലൈ എന്ന തീപ്പൊരി നേതാവിലൂടെ ദ്രാവിഡ രാഷ്ടിയത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തമിഴ്‌നാട്ടിൽ മുൻകാലങ്ങളിലേക്കാൾ സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നത് സ്റ്റാലിനും വ്യക്തമാണ് ഇലക്ഷന് മുൻപ് ദ്രാവിഡ രാഷ്ട്രീയത്തിൽ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി കോടനാട് എസ്റ്റേറ്റിലെ ദുരൂഹ മരണങ്ങളും കൊള്ളയും പൊങ്ങി വരുമെന്നും വ്യക്തമാണ് എന്നാൽ ഇത്തവണ ഇടപ്പടി പളനി സ്വാമിക്കും മന്നാർഗുഡി മാഫിയയ്ക്കും ഉണ്ടാകുന്ന തകർച്ചയുടെ ഫലം ബിജെപിക്ക് വളമായി മാറും എന്നത് സ്റ്റാലിനും തിരിച്ചറിയുന്നുണ്ട്.
കേരളത്തിൽ ക്രൈസ്തവ ന്യുനപക്ഷങ്ങളുടെ സ്വീകാര്യത നേടിയെടുക്കാൻ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ശ്രമിക്കുമ്പോഴും സംസ്ഥാനത്തെ ബിജെപി നേതൃത്വം തികഞ്ഞ പരാജയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.തൃശൂരിലോ തിരുവന്തപുരത്തോ വിജയിക്കുമെന്ന് പ്രത്യാശ വെച്ചുപുലർത്തുന്നുണ്ടെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ മെല്ലെപ്പോകും കാലഹരണപ്പെട്ട യുദ്ധ തന്ത്രങ്ങളും വിജയത്തിലേക്ക് എത്തില്ല എന്ന് പറയാവുന്ന സാഹചര്യമാണ്..എന്നിരുന്നാലും സഹകരണ അഴിമതിയും മാസപ്പടി വിവാദവും ലോക്സഭാ തിരഞെടുപ്പിൽ ബിജെപി ആയുധമാക്കുമെങ്കിലും ലാഭം കോൺഗ്രസിന് മാത്രമായിരിക്കും. കെ കെ ശൈലജ അടക്കമുള്ളവരെ രംഗത്തിറക്കി ഇത്തവണ സിപിഎം നില മെച്ചപ്പെടുത്തുമെങ്കിലും സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരവും കെടുകാര്യസ്ഥതയും എത്രത്തോളം തിരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് കണ്ടറിയണം.
കുമാരസ്വാമിക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന കർണ്ണാടകയിൽ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കും എന്നതിൽ സംശയമില്ല.ജഗൻ മോഹൻ റെഡ്‌ഡിയും അജിത് പവാറും ഷിൻഡെയും ഇവരെയാകെ നയിക്കാനും തന്ത്രങ്ങൾ മെനയാനും അമിത്ഷായുടെയും മോദിയുടെയും വിശ്വസ്തനായ ദേവേന്ദ്ര ഫഡ്നവീസും നിശബ്ദനായിരംഗത്തുണ്ട് എന്നത് പ്രതിപക്ഷ സംഘടനകൾ ചിന്തിക്കുന്നു പോലുമില്ല.വടക്കു കിഴക്ക് സംസ്ഥാനങ്ങളിൽ ബംഗാളിലും ഒഡിഷയിലും വികസനവും സംസ്ഥാന ഭരണകൂടത്തിന്റെ ആക്രമണങ്ങളും രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി പൗരത്വ നിയമ ഭേദഗതിയും അഴിമതിയും മത വികാരവും ഒട്ടാക്കി മാറ്റി നില മെച്ചപ്പെടുത്തും.
ഇമ്ഫാൽ താഴ്വരയുടെ ഭരണം നിയത്രണത്തിലാക്കുന്നത് വരെ മെയ്തി വിഭാഗത്തിന് അക്രമത്തിന് മൗനാനുവാദം നൽകിയ മണിപ്പൂർ സംസ്ഥാന ഭരണകൂടത്തിന്റെ പൊള്ളത്തരം ആരംഭായ് തെംഗോൾ പ്രവർത്തകർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ മർദിച്ച് വശനാക്കിയതിലൂടെ ബിജെപിയുടെ മണിപ്പൂർ രാഷ്ടിയ ചിത്രവും സാധാരണക്കാർക്ക് മനസിലാകുന്ന സാഹചര്യം ഉണ്ടായി.
കാവി പുതച്ച രാജസ്ഥാനും മധ്യപ്രദേശും ഉത്തരാഖണ്ഡും കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലികേറാ മലയാണ്. വിലയിരുത്തപ്പെടാൻ ഏറെയുണ്ടെങ്കിലും ഇന്ദിരയുടെ മൂക്കുള്ള ചെറുമകളും വയനാട്ടിലെ മുസ്ലിം ന്യുനപക്ഷ ഓട്ടുകളും കെ സിയുടെ വാർ റൂമുകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മരണ ശയ്യയിൽ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റട്ടെ എന്ന് മാത്രം ആഗ്രഹിക്കുകയും ആശംസിക്കുകയുമാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.