തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിഎസ് സുനില്‍ കുമാറിനെ തന്നെ മത്സരിപ്പിക്കാൻ സി പി ഐ. തൃശൂർ തിരിച്ചുപിടിക്കണമെങ്കില്‍ ഇവിടെ ജനകീയ മുഖം വേണമെന്ന ആലോചനയിലാണ് മണ്ഡലത്തില്‍ സുനില്‍ കുമാറിനെ പരിഗണിക്കുന്നത്.തൃശൂർ കൂടാതെ പാർട്ടി മത്സരിക്കുന്ന നാലിടത്തും ഇത്തവണയും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ കളത്തിലിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
സുരേഷ് ഗോപിയിലൂടെ ബി ജെ പി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. കോണ്‍ഗ്രസ് സിറ്റിംഗ് എംപി ടിഎൻ പ്രതാപനെ തന്നെയായിരിക്കും മത്സരിപ്പിക്കുക. ബി ജെ പി പ്രചരണം കൊഴുപ്പിച്ചതോടെ മണ്ഡലത്തില്‍ പ്രതാപനും സജീവമായി തുടങ്ങി.
ഇതോടെ കോണ്‍ഗ്രസ്-ബി ജെ പി പോരാട്ടം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. അതിനിടയിലാണ് ശക്തമായ പോരാട്ടത്തിന് കളമൊരുക്കാൻ സുനില്‍ കുമാറും മത്സരത്തിന് ഒരുങ്ങുന്നത്.
സുനിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം തുടക്കം മുതല്‍ തന്നെ പാർട്ടിയില്‍ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റർ പ്രചരണം ആരംഭിച്ചിരുന്നു.
എന്നാല്‍ പാർട്ടിയുടെയോ തന്റേയോ അറിവോടെയല്ല ഇതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതേസമയം സുനില്‍ കുമാർ കൂടി കളത്തിലിറങ്ങുന്നത് മണ്ഡലത്തില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാൻ കാരണമാകുമെന്നും സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതിനിടെ സി പി ഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ മാവേലിക്കരയില്‍ എ ഐ വൈ എഫ് നേതാവ് അഡ്വ സി എ അരുണ്‍ കുമാറിനെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്‌മെന്റിന്റെ ഭാരവാഹിയായ അരുണിനെ മുൻനിർത്തി മത്സരം കടുപ്പിക്കാനുള്ള അനൗദ്യോഗിക ശ്രമങ്ങള്‍ സി പി ഐ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുക. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ പൊതു അംഗീകാരമുള്ള നേതാവിനെയാണ് സി പി ഐ തേടുന്നത്.
നാലാം അങ്കത്തിനാണ് തരൂർ ഇവിടെ തയ്യാറെടുക്കുന്നത്. തരൂരിന്റെ വരവോടെയാണ് മണ്ഡലം സി പി ഐയുടെ കൈയ്യില്‍ നിന്നും നഷ്ടമായത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു പാർട്ടി. 2019 ല്‍ രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരത്ത് ബി ജെ പി പരിഗണിക്കുന്നത് ദേശീയ മുഖങ്ങളെയാണെന്ന അഭ്യൂഹം ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.