ലോക്‌സഭാ തെരഞ്ഞെടുപ്പ്‌: മുന്നണികളില്‍ സീറ്റ്‌ തര്‍ക്കം രൂക്ഷം, കൂടുതല്‍ സീറ്റുകള്‍ക്ക്‌ അവകാശവാദം, ഇടതില്‍ മാണിയും വലതില്‍ ലീഗും തലവേദനയാകുന്നു,,

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മുന്നണികളില്‍ സീറ്റ്‌ തര്‍ക്കം രൂക്ഷമാകുന്നു. അടുത്തമാസം എപ്പോള്‍വേണമെങ്കിലും തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ്‌ ഇടതു-വലതു മുന്നണികള്‍.അതിനുമുൻപ് സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട നടപടികളും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ക്ക്‌ അവകാശവാദം ഉന്നയിച്ച്‌ ഘടകകക്ഷികള്‍ രംഗത്തുവന്നത്‌ ഇരുമുന്നണികള്‍ക്കും വലിയ തലവേദനയായി.

ഇടതുമുന്നണിയെക്കാളും ഘടകകക്ഷികളുടെ എണ്ണത്തില്‍ കുറവുള്ള യു.ഡി.എഫിന്‌ സീറ്റ്‌ വിഭജനം വലിയ തലവേദനയാകില്ലെന്നാണു കരുതിയിരുന്നത്‌. എന്നാല്‍ മൂന്നു സീറ്റ്‌ വേണം എന്ന അവകാശവാദവുമായി മുസ്ലിം ലീഗ്‌ രംഗത്തുവന്നതോടെ സംഗതികള്‍ ആകെ കുഴഞ്ഞ മട്ടാണ്‌. 

എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായും ലീഗ്‌ മൂന്നു സീറ്റ്‌ എന്ന ആവശ്യം ഉന്നയിക്കാറുണ്ടെന്നും എന്നാല്‍ മുന്നണിയുടെ പൊതുതാല്‍പര്യം അനുസരിച്ച്‌ രണ്ടില്‍ തന്നെ ഒതുക്കുമെന്നുമാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ പറയുന്നത്‌.

ഇക്കുറി എന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണെന്ന നിലപാടാണ്‌ ലീഗ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌. വലിയകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനു വേണ്ടി വിട്ടുവീഴ്‌ച ചെയ്യാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സംസ്‌ഥാനത്ത്‌ അത്തരം ഒരു വിട്ടുവീഴ്‌ചയുടെ ആവശ്യം വേണ്ടെന്നാണ്‌ അവര്‍ പറയുന്നത്‌. 

കോണ്‍ഗ്രസും ലീഗും ഇപ്പോള്‍ കേരളത്തില്‍ തുല്യശക്‌തിയാണ്‌. തെരഞ്ഞെടുക്കപ്പെട്ട്‌ ലോക്‌സഭയില്‍ എത്തിയാല്‍ ലീഗ്‌ എന്തായാലും കോണ്‍ഗ്രസിനെയാണ്‌ പിന്തുണയ്‌ക്കുന്നതും. അതുകൊണ്ട്‌ തങ്ങളുടെ ശക്‌തിവ്യാപിപ്പിക്കാനായി ഒരു സീറ്റുകൂടി ഇക്കുറി വേണം എന്നതാണ്‌ പാര്‍ട്ടിയുടെ കര്‍ശന നിലപാട്‌.

അതുപോലെത്തന്നെ കേരള കോണ്‍ഗ്രസിന്റെ കാര്യവും. അവരും ഒരു സീറ്റ്‌ കൂടി എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്‌. മുൻപ് കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം മത്സരിച്ചിരുന്ന കോട്ടയം അല്ലെങ്കില്‍ ഇടുക്കി സീറ്റുകളില്‍ ഒന്നിലാണ്‌ അവരുടെ കണ്ണ്‌. പി.ജെ. ജോസഫ്‌ മത്സരിക്കാനാണ്‌ ആഗ്രഹിക്കുന്നതും. 

എന്നാല്‍ ജോസ്‌ കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫ്‌ വിട്ടതോടെ ആ സീറ്റ്‌ തങ്ങള്‍ക്ക്‌ വേണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഉന്നയിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ്‌ യു.ഡി.എഫിന്റെ നീക്കം. 

കഷികളുടെ എണ്ണം ധാരാളമുണ്ടെങ്കിലും ഇടതുമുന്നണിയില്‍ സാധാരണ സീറ്റ്‌ ചര്‍ച്ചകള്‍ കഴിഞ്ഞ കുറേക്കാലമായി ഒരു പ്രശ്‌നവുമില്ലാതെ തീരുകയായിരുന്നു പതിവ്‌. എന്നാല്‍ കേരള കോണ്‍ഗ്രസി(എം)ന്റെ വരവോടെയാണ്‌ അതില്‍ ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്‌. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയില്‍ എത്തിയവരാണ്‌ മാണി ഗ്രൂപ്പ്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ സീറ്റ്‌ കണ്ടെത്തേണ്ടതുമുണ്ട്‌. സാധാരണ ഇടതുമുന്നണിയില്‍ നിന്നും സി.പി.എമ്മും സി.പി.ഐയുമാണ്‌ ലോക്‌സഭയിലേക്ക്‌ അടുത്തകാലത്തായി മത്സരിക്കുന്നത്‌.

മൂന്നു സീറ്റ്‌ ചോദിച്ചിട്ടുള്ള മാണി കോണ്‍ഗ്രസിന്റെ ലക്ഷ്യം കുറഞ്ഞപക്ഷം രണ്ടു സീറ്റുകളായിരിക്കും. അത്‌ സി.പി.എം. തന്നെ നഷ്‌ടപ്പെടേണ്ട അവസ്‌ഥയുമാണ്‌. നാലുസീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്‌.

 മാത്രമല്ല, സി.പി.ഐ. മത്സരിക്കുന്ന സീറ്റുകളല്ല, മാണി കോണ്‍ഗ്രസിന്‌ വേണ്ടതും. അവര്‍ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്‌ കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളാണ്‌. ഇവയില്‍ രണ്ടെണ്ണം വേണമെന്ന നിലപാടിലാണ്‌ മാണി കോണ്‍ഗ്രസ്‌.

നിലവിലെ സാഹചര്യത്തില്‍ അവരെ പിണക്കി മുന്നോട്ടുപോകാന്‍ സി.പി.എമ്മിന്‌ കഴിയുകയുമില്ല. മാണി കോണ്‍ഗ്രസിന്റെ വരവോടെ 'മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിയുടെ നില മെച്ചപ്പെട്ടുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്‌. 

ആ സാഹചര്യത്തില്‍ രണ്ടു സീറ്റെങ്കിലും കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ നല്‍കിയേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്‌. എന്തായാലും എത്രയും വേഗം സീറ്റ്‌ വിഭജന ചര്‍ച്ചകളിലേക്ക്‌ കടക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗവും തീരുമാനിച്ചിട്ടുണ്ട്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !