ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലേക്ക് ജയസാധ്യതയുള്ളവരുടെ പേരുകള്‍ സംബന്ധിച്ച് രഹസ്യറിപ്പോര്‍ട്ട് നല്കാന് പാര്‍ലമെന്റ് മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാരോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
സിറ്റിങ് എം.പി.മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മണ്ഡലത്തിലുള്ള പൊതുവികാരം സംബന്ധിച്ച റിപ്പോര്‍ട്ടും നൽകണം. താഴെത്തട്ടുമുതല്‍ വോട്ടര്‍മാരുടെ വികാരമറിഞ്ഞുള്ള സൂക്ഷ്മതല റിപ്പോര്‍ട്ട് വേണം സമര്‍പ്പിക്കാനെന്ന് വ്യാഴാഴ്ച എ.ഐ.സി.സി. ആസ്ഥാനത്ത് വിളിച്ച മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ ഹൈക്കമാന്‍ഡ് നിർദേശിച്ചു.തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി 543 ലോക്സഭാ മണ്ഡലങ്ങളിലേക്കും മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. സംസ്ഥാനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ക്രമീകരണം.
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളുള്‍പ്പെട്ട ഒന്നാം ക്ലസ്റ്ററിന്റെയും ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡിഷ സംസ്ഥാനങ്ങളുള്‍പ്പെട്ട രണ്ടാം ക്ലസ്റ്ററിന്റെയും യോഗങ്ങളാണ് വ്യാഴാഴ്ച ചേര്‍ന്നത്.
വെള്ളിയാഴ്ച മറ്റുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ചേരും. എ.ഐ.സി.സി. സംഘടനാ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.ബൂത്ത്തല കമ്മിറ്റികളടക്കം രൂപവത്കരിച്ച് താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തനം സജീവമാക്കാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരോട് നിർദേശിച്ചു.
വോട്ടര്‍പട്ടിക പരിശോധനയടക്കമുള്ള നടപടികള്‍ ഊര്‍ജിതമാക്കണം. എ.ഐ.സി.സി. ആസ്ഥാനത്ത് സജ്ജീകരിച്ച കേന്ദ്രീകൃത വാര് റൂമിനുപുറമേ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പാര്‍ലമെന്റ് മണ്ഡലം തലത്തിലും വെവ്വേറെ യുദ്ധമുറികളൊരുക്കണം.
കേരളത്തില്‍ സിറ്റിങ് എം.പി.മാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കാനാണ് നേരത്തേയുള്ള ധാരണ. എന്നാൽ, ചില മണ്ഡലങ്ങളില്‍ മാറ്റത്തിനുള്ള സാധ്യത തള്ളാനാവില്ലെന്ന സൂചനയാണ് രഹസ്യറിപ്പോര്‍ട്ട് തേടിയതിലൂടെ ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.
ഇന്ത്യമുന്നണിയുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുന്നണിയിലെ എല്ലാ കക്ഷികളുമായും ഫോണിലും അല്ലാതെയും ആശയവിനിമയം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മുന്നണിയില്‍ പദവികള്‍ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലുയര്‍ന്നു. മുന്നണിക്ക് കണ്‍വീനറും വക്താവും സെക്രട്ടേറിയറ്റും വേണമെന്ന ആവശ്യങ്ങളുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.