മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തർക്കത്തിൽ ഉദ്ധവ് താക്കറേക്ക് തിരിച്ചടി.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്നും ഷിൻഡെയുടേതാണ് യഥാർഥ ശിവസേനയെന്നും സ്പീക്കർ രാഹുൽ നാർവേക്കർ വ്യക്തമാക്കി.
ഷിൻഡെയെയും 16 എംഎൽഎമാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലാണ് സ്പീക്കർ തീർപ്പു കൽപ്പിച്ചത്. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.എംഎൽഎമാരെ അയോഗ്യരാക്കാൻ സാധിക്കില്ല. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെക്കൊപ്പമാണ്. ഭൂരിപക്ഷത്തിന്‍റെ തീരുമാനം പാർട്ടിയുടെ തീരുമാനമായി കണക്കാക്കുന്നു. ശിവസേനയുടെ ഭരണഘടന പ്രകാരം ദേശീയ എക്സിക്യൂട്ടീവാണ് പരമോന്നത സമിതി.
താക്കറെയുടെ തീരുമാനങ്ങളാണ് പാർട്ടി താൽപര്യമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ പറഞ്ഞു. ഉദ്ധവ് പക്ഷം നൽകിയ 2018ലെ ശിവസേനാ ഭരണഘടന അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പു കമ്മിഷനിലെ രേഖകളിൽ ഉള്ളത് 1999 ലെ ഭരണഘടനയാണ്.
ഇതു പ്രകാരം പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ കൂട്ടായാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ 2022ൽ പ്രശ്നമുണ്ടയപ്പോൾ ഉദ്ധവ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. ഇത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്.
ഉദ്ധവും ഷിൻഡെയും പിരിഞ്ഞ് 18 മാസങ്ങൾക്കു ശേഷമാണ് തർക്കത്തിൽ വിധി വരുന്നത്.അയോഗ്യതയുമായി ബന്ധപ്പെട്ട് 34 പരാതികളാണ് സ്പീക്കർക്കു മുന്നിൽ എത്തിയിരുന്നത്. ഇവ ആറായി തിരിച്ചാണ് പരിഗണിച്ചത്.
2022 ൽ ഷിൻഡെ നടത്തിയ വിമത നീക്കമാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്. അതോടെ കോൺഗ്രസും എൻസിപിയും കൂടി ഉൾപ്പെട്ട മഹാ വികാസ് അഘാഡി സർക്കാർ താഴെ വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.