ഡിസംബർ 10: മനുഷ്യാവകാശ ദിനം
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഐക്യരാഷ്ട്ര സഭ വിളംബം ചെയ്യുന്നത്. മതവിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടി ജീവിതം നയിക്കാനുള്ള അവകാശം,വാര്‍ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം,നിയമത്തിനു മുന്നിലുള്ള സംരക്ഷണം,-
കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് , വ്യക്തികളുടെ സ്വകാര്യത എന്നിവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഇവയില്‍ ഏതെല്ലാം അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്ന് വിലയിരുത്തേണ്ടതാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാസിസത്തിന്റെയും കാലത്ത് ഭരണകൂടം പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ 1946 യുഎന്‍ ഒരു കമ്മീഷന് രൂപം നല്‍കി.കമ്മീഷന്‍ അന്താരഷ്ട്ര തലത്തില്‍ ബാധകമായ ഒരു അവകാശ പത്രികയും തയ്യാറാക്കി.തുടര്‍ന്ന് 1948 ഡിസം 10-നാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.മത-ഭാഷാ-ലിംഗ- വര്‍ണ-രാഷ്ട്രീയ - ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അവകാശങ്ങളായിരുന്നു അതിന്റെ കാതല്‍. യു.എന്‍ അംഗരാജ്യങ്ങള്‍ ഈ മനുഷ്യാവകാശ രേഖയെ അംഗീകരിച്ചു.
അവകാശങ്ങൾ നേടിയെടുക്കേണ്ടതോ?
ഭീകരവാദവും വംശീയ വർഗീയപ്രശ്നങ്ങളും രാഷ്ട്രങ്ങളുടെ സുസ്ഥിരതയും ബഹുസ്വരതയും തകർക്കുന്നു. ലോകത്തെമ്പാടും ഉയരുന്ന യുദ്ധഭീഷണി മാനവരാശി കൈവരിച്ച എല്ലാ നേട്ടങ്ങളെയും തകർക്കുന്നു. സ്വേച്ഛാധിപത്യവും, അധിനിവേശവും അസമത്വങ്ങളും തീവ്ര ദേശീയതയും ജനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും ആദിവാസികൾക്കും അഭയാർത്ഥികൾക്കും എതിരെയുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നാൾക്കുനാൾ പെരുകി വരുന്നു.
ജനാധിപത്യരാജ്യമായ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ദളിത്, ജാതി വേർതിരിവുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനും ഇഷ്‌ടമുള്ള വസ്ത്രം ധരിക്കുന്നതിനും തെരുവിൽ പ്രതിഷേധിക്കേണ്ട അവസ്ഥയിലാണ് നമ്മുടെ രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ സ്ഥിതി.
ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ അകലെയോ?
മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറാവാതെ, മതത്തിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കുകയും ജീവനോടെ ചുട്ടെരിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഏറ്റവും വലിയ മതേതര ജനാധിപത്യരാഷ്ട്രമെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ നിലവിലുളളത്. മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ഭരണകൂടത്തോടു പോലും യാചിക്കേണ്ട അവസ്ഥയാണിവിടെ.
മതേതരത്വം ആധാരശിലയായി അംഗീകരിച്ച രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ വിശ്വാസാചാര ചിഹ്നങ്ങളെയും വേഷങ്ങളെയും അസഹിഷ്ണുതയോടെ കാണുകയും തടയാന്‍ ശ്രമിക്കുകയുമാണ്.ഇന്ത്യയില്‍ മതന്യൂന പക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങിയവര്‍ കൊടിയ വിവേചനം അനുഭവിക്കേണ്ടി വരുന്നതായി മനുഷ്യാവകാശം സംബന്ധിച്ചുള്ള ആഗോള സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ(എച്ച് ആര്‍ ഡബ്ല്യു) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അഭിപ്രായസ്വാതന്ത്ര്യം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലും ഇന്ത്യയുടെ ഭരണഘടനയിലും ഊന്നിപ്പറയുന്ന മൗലികാവകാശമാണ്. ഇന്ന് ഇന്ത്യയില്‍ അത് അംഗീകരിക്കപ്പെടുന്നുണ്ടോ?രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍, ദളിത് പീഡനങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഇന്റര്‍നെറ്റ് നിരോധനം,രാജ്യത്ത് വര്‍ധിക്കുന്ന പട്ടിണി, തൊഴിലില്ലായ്മ, അടിച്ചമര്‍ത്തപ്പെടുന്ന പൗര സ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകളെ പോലും ഇന്ത്യ കണക്കിലെടുക്കുന്നുണ്ടോ ?
വൈവിധ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. അത് പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കണം’ എന്നാണ് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ വർഷം ഇന്ത്യയെ ഓര്‍മ്മിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയുടെ വാക്കുകള്‍ക്ക് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്നും ഗുട്ടറസ് ഓര്‍മ്മിപ്പിച്ചു.
നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമസ്വാതന്ത്ര്യം, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെ 2022-ൽ ഇന്ത്യയിൽ നടന്ന സുപ്രധാന മനുഷ്യാവകാശ പ്രശ്‌നങ്ങൾ മനുഷ്യാവകാശ സംരക്ഷണത്തിന്റെ പരിധിയിൽ വരും.അനിയന്ത്രിതമായ അറസ്‌റ്റും തടങ്കലും, രാഷ്ട്രീയ തടവുകാർ, സ്വകാര്യതയിൽ ഏകപക്ഷീയമോ നിയമവിരുദ്ധമോ ആയ ഇടപെടൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ അന്യായമായ അറസ്‌റ്റുകളോ പ്രോസിക്യൂഷനുകളോ, ക്രിമിനൽ അപകീർത്തി നിയമങ്ങൾ നടപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ഇന്ത്യയിൽ നടക്കുന്ന ചില പ്രധാന മനുഷ്യാവകാശ ലംഘനങ്ങൾ.
പങ്കാളികളുടെ അക്രമം, ലൈംഗിക അതിക്രമം, ജോലിസ്ഥലത്തെ അക്രമം, പ്രായപൂർത്തിയാവാത്തതും നിർബന്ധിതവുമായ വിവാഹം, സ്‌ത്രീഹത്യ എന്നിവയുൾപ്പെടെ ലിംഗാധിഷ്‌ഠിത അക്രമങ്ങളിലെ അന്വേഷണത്തിന്റെ അഭാവവും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറൽ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഭാരതത്തിലെ ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.
മനുഷ്യാവകാശ സംരക്ഷണത്തിൽ പരാജയപ്പെടുന്ന നവകേരളം
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ വിദ്യാഭ്യാസത്തിൽ പോലും മുന്നിൽ നിൽക്കുന്ന കേരളം വന്‍പരാജയമാണ്.കേരളത്തിലെ ജനങ്ങളുടെ ധാരണ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും മനുഷ്യാവകാശങ്ങളെയും സ്ത്രീയുടെ അവകാശ-സുരക്ഷിതത്വത്തെയും ഉറപ്പാക്കുമെന്നാണ്. ഈ ധാരണയിലാണ് പലരും കോടതിയെ സമീപിക്കാതെ തങ്ങളുടെ പരാതിയുമായി ഈ സ്ഥാപനങ്ങളെ സമീപിക്കുന്നതും ഒടുവില്‍ നീതി നീതി ലഭ്യമാകാതെ കേസ് കൊടുക്കേണ്ടതിന്റെ കാലാവധി തീര്‍ന്നുപോകുകയും ചെയ്യുന്നത്.
കേരളീയ സമൂഹം മനുഷ്യാവകാശങ്ങള്‍ എന്നത് കേവലം ശാരീരികമായ അവകാശങ്ങള്‍ മാത്രമാണ് എന്നാണു കരുതുന്നത്. ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അയാള്‍ക്ക് ചുറ്റും അത്തരത്തിലൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതരമായ മനുഷ്യാവകാശ ലംഘനം തന്നെയാണ്."കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല' എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ആത്മഹത്യ അടുത്ത ദിവസം നടന്ന അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.
ഇന്ന് രാജ്യത്തെ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിലാണ്.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ഗാർഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 473 കേസുകളാണ്. ഇതിൽ 376- ഉം കേരളത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്.
സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുത്തു തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ജപ്തി ഭയന്ന് ആത്മഹത്യ ചെയ്യുന്ന നിരവധി കര്‍ഷകര്‍, സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ ആവശ്യങ്ങള്‍, ഒരു നേരത്തിനു വകയില്ലാതെ തെരുവിലലയുന്ന അശരണരായ നിരവധി അഗതികള്‍ ഇവരുടെയെല്ലാം വിഷയം നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ പേരില്‍ ചര്‍ച്ച ചെയ്യേണ്ടവയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. എന്നാല്‍ ശരിയായ അവബോധം ഇല്ലാത്തതുകാരണം നാം അത് വെറും ഉണ്ണാനും, ഉറങ്ങാനും, ഉടുക്കാനുമുള്ള അവകാശമായി തെറ്റിദ്ധരിച്ചിരിക്കുന്നു.
മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ലോകം മുന്നേറിയിട്ടും, ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ കേരളീയ സമൂഹം എവിടെയെത്തി നില്‍ക്കുന്നു എന്നത് കേരളത്തിലെ ബൗദ്ധിക സമൂഹം മാത്രമല്ല സാധാരണ പൗരന്മാരും ചിന്താവിഷയമാക്കേണ്ടതാണ്.ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും സ്വന്തം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും ആവിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഈ അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെട്ടുക്കൂടാ.
ജനത്തെ നട്ടം തിരിച്ചാണോ നവകേരള സദസിന്റെ നടത്തിപ്പ് ?
കർഷകരും സാധാരണക്കാരും ഉള്ള കേരളം പോലെയുള്ള സംസ്ഥാനത്തിൽ മന്ത്രിസഭ ഒരു കോടിയിലധികം വരുന്ന ബെൻസ് വണ്ടിയിൽ നടത്തുന്ന യാത്ര എന്തിനാണ്? ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒരു ശ്രമവും നടത്താതെ നാടാകെ ദുരിതത്തില്‍ കിടന്ന് ഉഴലുമ്പോള്‍ ജനങ്ങള്‍ക്ക് ഇനിയും ബോധ്യപ്പെടാത്ത നേട്ടങ്ങള്‍ എഴുന്നള്ളിക്കാന്‍ മാത്രം ഒരു ഇത്തരം സദസ് ആവശ്യമുണ്ടായിരുന്നോ?
ഒരു മാസത്തിലേറെ കേരളം നേരിടുന്നത് ഭരണസ്തംഭനമാണ്. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥന്മാരെ കൊണ്ട് പണം പിരിച്ചും കൂട്ടാളികളെക്കൊണ്ട് കൊണ്ട് പ്രാദേശിക നിര്‍ബന്ധിത പിരിവ് നടത്തിയും ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും മേളകള്‍ നടത്തുന്നത് കടുത്ത അവകാശ ലംഘനം തന്നെ.രാഷ്ട്രീയ പ്രചാരണത്തിനായി സര്‍ക്കാര്‍ മെഷീനറി ദുരുപയോഗം ചെയ്യുന്നത് കേരളീയരുടെ അവകാശങ്ങൾക്കു നേരെയുള്ള വെല്ലുവിളി തന്നെയാണ്.
മനസാക്ഷിയെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അത് സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ തന്നെ നടത്തി കേരളത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു വേദിയാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് മാടമ്പിമാരുടെ നവകേരള സദസ്സ് നടത്തുന്നു.ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യമുള്ള പാര്‍ട്ടിയിപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമാകാത്ത വികസന പരിപാടികളെ വികസിപ്പിക്കുന്ന തിരക്കിലാണ്. തിരക്കൊഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍, പാര്‍ട്ടിയുണ്ടാകും, പുറകില്‍ ജനങ്ങളുണ്ടാകുമോ...?
'നവകേരള സദസ്സ്' പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവേ,വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശമാണെന്നും അത് ഓരോ വിദ്യാർത്ഥിക്കും ഉറപ്പാക്കുമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഈ മനുഷ്യാവകാശ ദിനത്തിൽ നാടിന് പ്രചോദനം പകരുന്നതാണ്.
ജാഗരൂകരായിരിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന, ബഹുസ്വരതയുള്ള, വൈവിധ്യമാർന്ന സമൂഹമെന്ന നിലയിലേക്കുള്ള കരുതല്‍ ഭാരതത്തിൽ വർധിപ്പിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ട്. ആഗോളതലത്തില്‍ നമ്മുടെ ശബ്ദത്തിന് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന ഓര്‍മ്മപ്പെടുത്തല്‍ പുറമേനിന്നു കേള്‍ക്കേണ്ടി വരുന്നത് രാജ്യത്തിന് നാണക്കേടാണ്.
നമ്മുടെ രാജ്യത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിരവും പ്രായോഗികവും ഫലപ്രദവുമായ ഒരു രീതി കൈവരിക്കണം, അത് പ്രാദേശിക മൂല്യങ്ങളും സംസ്കാരവും കേടുകൂടാതെയായിരിക്കണം.ഇന്ത്യയിൽ നന്നായി സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും ശക്തമായ മനുഷ്യാവകാശ സ്ഥാപനങ്ങളുമുണ്ട് കാലാകാലങ്ങളിൽ, നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയോ അവ നടപ്പിലാക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ, ജനാധിപത്യം തന്നെ അപകടത്തിലാകും.
ഭയരഹിതമായി ഉറങ്ങാൻ കഴിയാത്ത സ്ത്രീകൾ, ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത കുട്ടികൾ,മനുഷ്യാവകാശ ലംഘനങ്ങളുടെ നിര ഏറെയാണ് .മനുഷ്യന്റെ അന്തസ്സിന്, ജീവന്, സുരക്ഷയ്ക്ക് മേൽ ഉയരുന്ന കൈകളെ ചങ്ങലയ്ക്കിടണമെന്ന് കൂടി ഈ അന്തർ ദേശീയ മനുഷ്യാവകാശ ദിനം വിളിച്ചു നമ്മോട് പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.