ചെന്നൈ: ഐടി ജീവനക്കാരിയെ ചങ്ങലകൊണ്ട് ബന്ധിച്ച് ജീവനോടെ കത്തിച്ച ട്രാൻസ്ജെൻഡർ പിടിയിൽ. മധുര സ്വദേശിനി ആർ നന്ദിനിയാണ് തന്‍റെ 26ാം ജന്മദിനത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് നന്ദിനിയുടെ സ്കൂൾകാല സുഹൃത്ത് മുരുഗേശ്വരിയെന്ന വെട്രിമാരൻ ആണ് അറസ്റ്റിലായത്.
നന്ദിനിയെ വിവാഹം കഴിക്കാനായി ലിംഗമാറ്റത്തിന് വിധേയയായ വ്യക്തിയാണ് വെട്രിമാരനെന്ന് പോലീസ് പറഞ്ഞു. എംബിഎ ബിരുദധാരിയാണ് വെട്രിമാരൻ.
ലിംഗമാറ്റത്തിന് മുൻപ് മുരുഗേശ്വരി എന്നായിരുന്നു ഇവരുടെ പേര്. നന്ദിനിയും മുരുഗേശ്വരിയും ഒരുമിച്ചാണ് മധുരയിലെ ഗേൾസ് സ്കൂളിൽ പഠിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും ബന്ധം തുടരാൻ വെട്രിമാരൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് വന്ന മാറ്റം ഉൾക്കൊള്ളാൻ നന്ദിനിയ്ക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് നന്ദിനി ബന്ധത്തിൽനിന്ന് അകലം പാലിച്ചിരുന്നു. എന്നാലും ഇരുവരും കോൺടാക്ട് ഉണ്ടായിരുന്നു.
എട്ടുമാസം മുന്നേയാണ് നന്ദിനിയ്ക്ക് ചെന്നൈയിൽ ജോലി ലഭിച്ചത്. ഇവിടെ അമ്മാവനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ശനിയാഴ്ച നന്ദിനിയെ ഫോൺവിളിച്ച വെട്രിമാരൻ ഒന്ന് കാണണമെന്ന് പറയുകയായിരുന്നു.
തുടർന്ന് ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. ഒരുമിച്ച് ഷോപ്പിങ്ങിന് പോയ ഇവർ വസ്ത്രങ്ങൾ സമീപത്തെ ഒരു അനാഥാലയത്തിന് സംഭാവനയും നൽകി. തുടർന്ന് നന്ദിനിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ വെട്രിമാരൻ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.ഇവിടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എന്നുപറഞ്ഞു നന്ദിനിയുടെ കൈകൾ ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു.
തമാശയ്ക്ക് എന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ പിന്നീട് നന്ദിനിയെ വിട്ടയക്കാൻ വിസമ്മതിച്ച വെട്രിമാരൻ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ കഴുത്തിലും കൈയ്ക്കും മുറിവേൽപ്പിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവും പൊള്ളലുമേറ്റ നിലയിൽ നന്ദിനിയെ പരിസരവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് പോലീസ് വെട്രിമാരനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.