പ്രമേഹം ഒരു അവസ്ഥയായതിനാല്‍, ഒരിക്കല്‍ ബാധിച്ചാല്‍ അതിനോടു പൊരുത്തപ്പെട്ടേ തീരൂ. അവിടെയാണ് യുവാക്കളിലെ പ്രമേഹം വില്ലനാകുന്നത്.കേരളത്തില്‍ 25 വയസില്‍ താഴെയുള്ളവരില്‍, മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹത്തിൻെറ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയാണ്. ഈ പ്രായക്കാര്‍ക്കിടയില്‍ 20 ശതമാനത്തിലധികം ഇത്തരം കേസുകളുണ്ടാകുന്നുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരാശരി 70 വയസുവരെ ജീവിക്കേണ്ട ഒരാള്‍ക്ക് 20 വയസില്‍ പ്രമേഹം പിടിപെട്ടാല്‍ അതോടെ ജീവിതത്തിന്റെ നിറംകെടും.
സമപ്രായക്കാരുടെ അതേ ഭക്ഷണരീതി പാടെ ഉപേക്ഷിക്കണം. മറിച്ച്, പ്രമേഹം വന്നോട്ടെ; മരുന്നു കഴിക്കാം എന്ന് തെറ്റായി ധരിക്കുന്നവരുണ്ട്. നിയന്ത്രണങ്ങളില്ലാതെ മരുന്നു മാത്രം കഴിച്ചാല്‍ അവിടെയും അപകടം കാത്തിരിപ്പുണ്ട്.
എല്ലാ മരുന്നിനും 80 ശതമാനം ഗുണമാണെങ്കില്‍ 20 ശതമാനം പാര്‍ശ്വഫലങ്ങളുണ്ടാകും. 20 വയസു മുതല്‍ പ്രമേഹത്തിന് മരുന്ന് കഴിക്കേണ്ടി വന്നാല്‍ പരമാവധി 20 വര്‍ഷത്തിനുള്ളില്‍ അത് മറ്റു പല അസുഖങ്ങളിലേക്കും വഴിതുറക്കും. അതോടെ ആയുര്‍ദൈര്‍ഘ്യവും കുറയും.
സാധാരണനിലയില്‍ വലിയ കുഴപ്പക്കാരനല്ലാതെ തുടരുന്ന പ്രമേഹം മാരകമാകുന്നത് മറ്റെന്തെങ്കിലും രോഗം പിടിപെടുമ്ബോഴാകും. ആ രോഗത്തെ ഉത്തേജിപ്പിക്കുന്ന ഘടകമായി പ്രമേഹം മാറും! ഇതിന് ഏറ്റവും വലിയ തെളിവാണ് കൊവിഡ്.
കൊവിഡ് കാലത്ത് മരണപ്പെട്ടവരില്‍ വലിയൊരു ശതമാനവും പ്രമേഹ രോഗികളായിരുന്നു. ഇവരില്‍ വൈറസ് ബാധ അതിവേഗം ആന്തരാവയവങ്ങളെ ബാധിച്ച് ചികിത്സയെത്തന്നെ പ്രതികൂലമായി ബാധിച്ചു.
ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് പ്രമേഹത്തിന്റെ വിധം മാറും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് തുടര്‍ച്ചയായി ഉയര്‍ന്നു നില്‍ക്കുന്നത് ഹൃദയം, രക്തക്കുഴലുകള്‍, കണ്ണുകള്‍, പാദങ്ങള്‍, വൃക്കകള്‍, ഞരമ്പുകൾ,പല്ലുകള്‍ എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങളിലേക്ക് നയിക്കും.
മേജര്‍ വാസ്ക്കുലര്‍ കോംപ്ലിക്കേഷൻ, മൈക്രോ വാസ്ക്കുലര്‍ കോംപ്ലിക്കേഷൻ എന്നിങ്ങനെ രണ്ടുതരം അപകടാവസ്ഥകളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. ഹൃദയാഘാതം. പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളാണ് മേജര്‍ വാസ്ക്കുലര്‍ കോംപ്ലിക്കേഷൻ. അനിയന്ത്രിതമായ പ്രമേഹം കാരണം ഹൃദയപേശികളിലേക്കുള്ള രക്തവിതരണം തടസപ്പെടുന്നത് ഇസ്കെമിക് പോലുള്ള ഗുരുതര ഹൃദയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
വൃക്കകള്‍ക്ക് തകരാര്‍
മൈക്രോ വാസ്ക്കുലര്‍ കോംപ്ലിക്കേഷന്റെ ഭാഗമായുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഡയബറ്റിക്ക് നെഫ്രോപതി. അനിയന്ത്രിമായ പ്രമേഹം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും. സാധാരണയായി കാലക്രമേണ സംഭവിക്കുന്ന പ്രശ്നമാണിത്.
വൃക്ക തകരാറിലാകുന്നതോടെ ഡയാലിസിസ് വേണ്ടിവരും. കാലക്രമേണ വൃക്ക മാറ്റിവയ്ക്കലും അനിവാര്യമാകും. ആഗോളതലത്തില്‍ പ്രമേഹമാണ് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് പ്രധാന കാരണമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഞരമ്പുകള്‍ നിര്‍ജ്ജീവം
അനിയന്ത്രിതമായ പ്രമേഹം ഞരമ്പുകള്‍ക്ക് കേടുപാടുണ്ടാക്കും. ഇത് തലച്ചോറിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കിടയിലും സന്ദേശങ്ങളെത്തിക്കുന്ന ഞരമ്പുകളെ തകരാറിലാക്കും. ഡയബറ്റിക് ന്യൂറോപ്പതി സാധാരണയായി കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. 50 ശതമാനം പ്രമേഹരോഗികളും 25 വര്‍ഷത്തിനകം ഡയബറ്റിക് ന്യൂറോപ്പതിക്ക് വിധേയരാകുന്നുവെന്നാണ് കണക്കുകള്‍.
നാഡീക്ഷതം, പാദങ്ങളില്‍ മരവിപ്പ്, ഇക്കിളി, വേദന അല്ലെങ്കില്‍ വികാരം നഷ്ടപ്പെടുത്തും. ഇതോടെ കാലില്‍ മുറിവുണ്ടായാല്‍ വേദന അനുഭവപ്പെടില്ല. പക്ഷേ, മുറിവില്‍ അണുബാധയുണ്ടാകും. കേടായ രക്തക്കുഴലുകള്‍ പാദങ്ങളില്‍ ശരിയായ രക്തപ്രവാഹം തടസപ്പെടുത്തുന്നതിനാല്‍ അണുബാധ സുഖപ്പെടില്ല.
പേശികള്‍, ചര്‍മ്മം, മറ്റ് കോശങ്ങള്‍ എന്നിവ നിര്‍ജ്ജീവമാകും. ഇതോടെ കാലിലെ മുറിവിന് ചികിത്സ ഫലിക്കാതാകും. ഒടുവില്‍ അണുബാധ തടയാനും രോഗിയുടെ ജീവൻ രക്ഷിക്കാനുമായി കേടായ കാല് വിരല്‍, പാദം അല്ലെങ്കില്‍ കാലിന്റെ ഒരു ഭാഗം മുറിക്കേണ്ടി വരികയും ചെയ്യും.
കരളിനെ കവരും
കരള്‍ പൂര്‍ണമായും തകരാറിലാകുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഈ അവസ്ഥയില്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ് പരിഹാരം. പ്രമേഹമാണ് ഇവിടെയും വില്ലൻ. പ്രമേഹവും കൊളസ്ട്രോളുമുള്ളവരുടെ കരളില്‍ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവറിന് കാരണമാവുകയും ക്രമേണ ലിവര്‍ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യും.
ഇരുട്ടിലേക്ക് തള്ളിവിടും
പ്രമേഹം കണ്ണിനു പിൻഭാഗത്തുള്ള ലൈറ്റ് സെൻസിറ്റീവ് കോശങ്ങളായ റെറ്റിനയുടെ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഡയബറ്റിക് റെറ്റിനോപ്പതിക്ക് രോഗലക്ഷണങ്ങളുണ്ടാകില്ല. ചിലപ്പോള്‍ നേരിയ കാഴ്ച പ്രശ്നങ്ങള്‍ മാത്രമാകും. എന്നാല്‍ ചികിത്സിച്ചില്ലെങ്കില്‍ ഇത് അന്ധതയിലേക്ക് നയിക്കും. തിമിരത്തിനും പ്രധാന കാരണം പ്രമേഹമാണ്.
കണ്ണിലെ ലെൻസ് പടലം പൊട്ടുന്ന അവസ്ഥയാണ് തിമിരം, ഇതോടെ കാഴ്ചശക്തി കുറയും. തിമിരം പലപ്പോഴും സാവധാനം വികസിച്ച് രണ്ടു കണ്ണുകളെയും ബാധിക്കും. ഗ്ലോക്കോമയാണ് പ്രമേഹം കണ്ണുകള്‍ക്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം. കണ്ണുകളുടെ മര്‍ദ്ദം ഉയര്‍ന്ന് ഒപ്റ്റിക് നാഡികളെ നശിപ്പിക്കും.
പല്ലുകളെപ്പോലും പ്രമേഹം വെറുതെ വിടില്ല. മോണവീക്കമാണ് വായ്ക്കുള്ളില്‍ പ്രമേഹം സൃഷ്ടടിക്കുന്ന പ്രധാന പ്രശ്നം. ഇത് പല്ലുകള്‍ കൊഴിയാൻ കാരണമാകും. വായ്ക്കുള്ളില്‍ വരള്‍ച്ച, വായ് നാറ്റം എന്നിവയും പ്രമേഹരോഗികളില്‍ സാധാരണമാണ്.
ലൈംഗിക പ്രശ്നങ്ങള്‍
പുരുഷന്മാരില് പ്രമേഹം മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ലൈംഗിക പ്രശ്നം ഉദ്ധാരണക്കുറവാണ്. രക്തപ്രവാഹം കുറയുന്നതും നാഡികളുടെ തകരാറുമാണ് കാരണം. കടുത്ത പ്രമേഹം മൂലം പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക അഭിനിവേശം (ലിബിഡോ) കുറയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.