തിരുവനന്തപുരം: കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന ടിഎന്‍ പ്രതാപന്റെ വാദം തള്ളി കോണ്‍ഗ്രസ്.
നികുതി വെട്ടിപ്പുകാരുടെ പറുദീസയാണ് കേരളം. സംസ്ഥാനത്ത് ആര്‍ക്കും എന്തും കൊണ്ടു വന്ന് വില്‍ക്കാം. പരിശോധിക്കാന്‍ ഒരു സംവിധാനവും ഇവിടെയില്ല.
സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി ആഴ്ചയില്‍ അഞ്ചു ദിവസമോ ആറു ദിവസമോ എങ്കിലും തിരുവനന്തപുരത്തുണ്ടാകണം. ധനകാര്യമന്ത്രിയാണ് ഏറ്റവും കൂടുതല്‍ സമയം സെക്രട്ടേറിയറ്റില്‍ ഉണ്ടാകേണ്ടയാള്‍.
ഇപ്പോള്‍ മുഖ്യമന്ത്രി ധനകാര്യമന്ത്രിയേയും കൂട്ടി 44 ദിവസത്തേക്ക് പോയിരിക്കുകയാണ്. ഇപ്പോള്‍ ട്രഷറിയില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ഒരു ചെക്കും പാസ്സാക്കാനാവാത്ത സ്ഥിതിയാണ്.
അക്ഷരാര്‍ത്ഥത്തില്‍ ട്രഷറി അടഞ്ഞുകിടക്കുകയാണ്. ധനകാര്യ സംബന്ധമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
ദയവുചെയ്ത് ധനകാര്യമന്ത്രിയെ എങ്കിലും സെക്രട്ടേറിയറ്റിലേക്ക് വിട്ട് അവിടെ വന്നിരിക്കാന്‍ പറയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്.
കരാറുകാര്‍ക്ക് പണം നല്കാത്തതിനാല് കരാറുകാര്‍ ജോലി എടുക്കുന്നില്ല. സാമൂഹിക സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി മന്ത്രിമാരെയും കൂട്ടി ടൂര്‍ പോയിരിക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഒരു മന്ത്രിസഭ മുഴുവന്‍ 44 ദിവസം തിരുവനന്തപുരത്തു നിന്നും മാറി നില്‍ക്കുകയാണ്. ഇങ്ങനെ ഒരു സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ.
ഉദ്യോഗസ്ഥന്മാരൊക്കെ പലരും കുടുംബവുമായി ടൂര്‍ പോയിരിക്കുകയാണ്. നാഥനില്ലാക്കളരിയായി. അരാജകത്വമാണ് നടക്കുന്നത്. ആരാണ് ഭരിക്കുന്നത്, ആരാണ് നോക്കുന്നത്. ദയനീയമായ അവസ്ഥയില്‍ കേരളം നില്‍ക്കുകയാണെന്ന് വിഡി സതീശന് പറഞ്ഞു.
കേരളത്തിന്റെ ധനപ്രതിസന്ധിയെ സംബന്ധിച്ച അടിയന്തരപ്രമേയത്തില്‍ കേന്ദ്രത്തിന്റെ നയത്തെ വിമര്‍ശിച്ച് താന്‍ തന്നെ നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ എന്താണ് ഇപ്പോള്‍ പുതുമയെന്ന് പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് ചൂണ്ടിക്കാട്ടിയപ്പോള്‍ വിഡി സതീശന് പറഞ്ഞു.
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നുവെങ്കില്‍, അത് ഗൗരവമേറിയ വിഷയമാണ്. സര്‍ക്കാര്‍ അതേപ്പറ്റി അന്വേഷിക്കണം. അതുമായി ബന്ധപ്പെട്ട സത്യാവസ്ഥ തനിക്കറിയില്ല.
വാല്യുവേഷന് നടത്തുന്നതെന്നും അറിയില്ല. ഡിപിഐ പറഞ്ഞതു വെച്ചാണെങ്കില്‍ ഇപ്പോള്‍ കാണിക്കുന്നതെല്ലാം സര്‍ക്കാര്‍ ക്രെഡിറ്റിന് വേണ്ടി കാണിക്കുന്നതാണ്. വിദ്യാഭ്യാസഡയറക്ടര്‍ തന്നെ അതു പരസ്യമായി പറയുമ്പോള്‍ അക്കാര്യം അന്വേഷിക്കേണ്ടതാണെന്നും വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.