കർണാടക: ജീവനക്കാർക്ക് ശമ്പളം നൽകാനായി തന്റെ വീടുകൾ പണയം വച്ച് എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രൻ.
ബെംഗളൂരുവിലെ രണ്ട് വീടുകളും എപ്സിലോണിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വില്ലയുമാണ് 12 മില്യൺ ഡോളറിന് ബൈജു പണയം വച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബൈജൂസിന്റെ മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേണിലെ 15000ഓളം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനാണ് ബൈജൂസ് തന്റെ ആസ്തികൾ പണയപ്പെടുത്തിയതെന്നും ഇവർക്കുള്ള ശമ്പളം തിങ്കളാഴ്ച നൽകി എന്നുമാണ് വിവരം.
വാർത്തയോട് ബൈജു രവീന്ദ്രനും കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് അധികൃതരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിട്ട തിരിച്ചടികൾക്കിടയിലും കമ്പനിയെ നിലനിർത്താനും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുമുള്ള ശ്രമത്തിലാണ് ബൈജു രവീന്ദ്രൻ.പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോം 400 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങുകയാണ് ബൈജൂസ്. വായ്പയെടുത്ത 1.2 ബില്യൺ ഡോളറിന്റെ പലിശ അടവ് മുടങ്ങിയതിനെത്തുടർന്നുള്ള നിയമ നടപടികളും ബൈജൂസിന് തിരിച്ചടിയായിട്ടുണ്ട്.
ഒരിക്കൽ 5 ബില്യൺ വരെ ആസ്തിയുണ്ടായിരുന്ന ബൈജു ഇന്ന് 400 മില്യൺ ഡോളറാണ് കടമെടുത്തിരിക്കുന്നത്. തിങ്ക് ആൻഡ് ലേണിലെ തന്റെ മുഴുവൻ ആസ്തികളും പണയപ്പെടുത്തിയാണ് ബൈജു ഈ തുക കടമെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തന്റെ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹാരിച്ച 800 മില്യൺ ഡോളർ തിരികെ കമ്പനിയിൽ തന്നെ നിക്ഷേപിച്ചത് ബൈജുവിനെ വീണ്ടും സാമ്പത്തിക കുരുക്കിലാക്കിയതായി പറയപ്പെടുന്നു.
കഴിഞ്ഞ മാസം ബൈജൂസ് തന്നെ പുറത്ത് വിട്ട റിപ്പോർട്ട് തിങ്ക് ആൻഡ് ലേണിന് നേരിട്ട നഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. കൊറോണ സമയത്ത് വലിയ സ്വീകാര്യതയും ലാഭവും നേടിയ കമ്പനി കൊറോണക്ക് ശേഷം നഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഫെഡറൽ അന്വേഷണ ഏജൻസി കമ്പനിയുടെ വിദേശ ധനസമാഹരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായും അതിന്റെ ഭാഗമായി വളരെ ചെറിയ പിഴ മാത്രമാകും കമ്പനി അടക്കേണ്ടി വരിക എന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ബൈജൂസ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.