തിരുവനന്തപുരം: നവകേരളസദസ്സ് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വേറിട്ട പ്രക്ഷോഭത്തിന് പിണറായി സര്‍ക്കാറിന്റെ നീക്കം. മോദിയുടെ തട്ടകമായ ഡല്‍ഹിയിലാണ് പുതിയ പോര്‍മുഖം തുറക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല പിന്നാലെ ഇടതുപക്ഷ എം.എല്‍.എമാരെയും ഡല്‍ഹിയില്‍ എത്തിച്ച് സമരം ചെയ്യാനാണ് നീക്കം. ഇടതുപക്ഷപാര്ലമെന്റ് അംഗങ്ങളും, പ്രതിഷേധത്തിന്റെ ഭാഗമാകും.
കേരളത്തിന് ന്യായമായും ലഭിക്കേണ്ട 64,000 കോടി രൂപ തരാതെയാണ് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷ ഭരണം ആയതു കൊണ്ടാണ് ഈ പകവീട്ടലെന്നും അത് ഇനി അനുവദിച്ച് കൊടുക്കില്ലന്നുമാണ് പ്രഖ്യാപനം.
ഇതോടൊപ്പം തന്നെ ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാനും ഇടതു സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാസ്ത്രവിരുദ്ധതയുടെയും അന്ധവിശ്വാസത്തിന്റെയും വേദിയാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
കേരളത്തില്‍ സെനറ്റിലേക്ക് ആര്‍എസ്എസുകാരെയും എബിവിപി ക്കാരെയും ഗവര്‍ണര്‍ നിയോഗിക്കുന്നതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കാനാണ് തീരുമാനം. ഇതിനകം തന്നെ എസ്.എഫ്.ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി കഴിഞ്ഞു.
ഗവര്‍ണ്ണറെ വഴി തടയുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് എസ്.എഫ്.ഐയും ആലോചിക്കുന്നത്. ഒരേസമയം കേരളത്തിലും ഡല്‍ഹിയിലും പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.
മറ്റൊരു സംസ്ഥാന ഭരണകൂടവും നടത്താത്ത സമരമുറ ഇടതുപക്ഷം ഡല്‍ഹിയില്‍ നടത്തുന്നത് വലിയ ദേശീയ ശ്രദ്ധയാണ് ആകര്‍ഷിക്കുക.
കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പ്രസ്താവനകളില്‍ മാത്രം ഒതുക്കുമ്പോള്‍ പ്രത്യക്ഷ സമരത്തിന് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനം നീങ്ങുന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ പ്രഹരമാകും.
കേന്ദ്രത്തിനെതിരായ സമരത്തിന് മുസ്ലിംലീഗ് എം.പിമാരും എം.എല്‍.എമാരും ഡല്‍ഹിയില്‍ എത്തുമോ എന്നതും വലിയ ചോദ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുസ്ലിംലീഗ് ജനപ്രതിനിധികള്‍ പങ്കെടുത്താലും ഇല്ലങ്കിലും രാഷ്ട്രീയമായി അത് വലിയ പ്രത്യാഘാതമാണ് കേരളത്തില്‍ സൃഷ്ടിക്കുക.
ലോകസഭ തിരഞ്ഞെടുപ്പു അടുത്തിരിക്കെ ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ മൈലേജ് കിട്ടുന്ന സമരത്തില്‍ കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സാഹചര്യത്തില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്താല്‍ അത് കോണ്‍ഗ്രസ്സിനാണ് ഇരുട്ടടിയാകുക.
അത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. നവകേരള സദസ്സില്‍ നിന്നും വിട്ടു നിന്ന ലീഗ് ജനപ്രതിനിധികള്‍ ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തില്ലങ്കില്‍, അത് ലീഗിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയായാണ് മാറുക.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും പരാജയപ്പെട്ട കോണ്‍ഗ്രസ്സില്‍ ലീഗിലെ നല്ലൊരു വിഭാഗത്തിനും ഇപ്പോള്‍ വിശ്വാസമില്ല. ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നതാണ് നല്ലതെന്ന
ചിന്തയാണ് ഈ വിഭാഗത്തെ നയിക്കുന്നത്. അതു കൊണ്ടു തന്നെ ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് ക്ഷണം ലഭിച്ചാല്‍ നോ പറയണമോ എന്ന കാര്യത്തില്‍ ലീഗിലും സമ്മര്‍ദ്ദം ശക്തമാകും.
അതേസമയം, മോദി സര്‍ക്കാറിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തില്ലങ്കില്‍ ലീഗിനെതിരെയും ശക്തമായി ആഞ്ഞടിക്കാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ലീഗ് വിട്ടു നിന്നാല്‍ അത് അവരുടെ വോട്ട് ബാങ്കില്‍ തന്നെ വിള്ളല്‍ വീഴ്ത്താനുളള സാധ്യതയും വളരെ കൂടുതലാണ്.
ഡല്‍ഹിയില്‍ പോര്‍മുഖം തുറക്കുക വഴി മോദി സര്‍ക്കാറിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് ബോധ്യപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും നഷ്ടപ്പെട്ട ന്യൂനപക്ഷ - പിന്നോക്ക വോട്ടുകള്‍ തിരികെ കൊണ്ടുവരാനും ഇത്തരമൊരു പ്രക്ഷോഭം വഴി ഒരു പരിധിവരെ സാധിക്കുമെന്ന കണക്കുകൂട്ടല്‍ സി.പി.എം. ദേശീയ നേതൃത്വത്തിനുമുണ്ട്.
ഈ സംസ്ഥാനങ്ങള്‍ക്കു പുറമെ ബീഹാര്‍ മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തവണ എം.പിമാരെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇടതുപാര്‍ട്ടികള്‍ കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയതോടെ കൈപൊള്ളിയ കോണ്‍ഗ്രസ്സിന് ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍, ഇടതുപക്ഷത്തെ പരിഗണിക്കാന്‍ നിര്‍ബന്ധിതമാകും.
തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് സഹകരിച്ചില്ലങ്കില്‍ °ബി.ആര്.എസുമായി സി.പി.എം. സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. ബി.ആര്.എസുമായി കൂട്ടുകൂടാന്‍ ബി.ജെ.പിക്ക് താല്‍പ്പര്യം ഉണ്ടെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്നതിനാല്‍ അതിന് ബി.ആര്.എസ് തയ്യാറാകാന്‍ സാധ്യത കുറവാണ്.
ബി.ജെ.പിയുമായി സഹകരിക്കുന്ന ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലന്നത് സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളെ അവഗണിക്കാന്‍. ആര്.ജെ.ഡിക്കും സാധിക്കുകയില്ല.
ഇവിടെ കോണ്‍ഗ്രസ്സിന് നീക്കിവയ്ക്കുന്ന സീറ്റുകളിലാണ് വലിയ തോതില്‍ ഇടിവുണ്ടാകുക. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ദയനീയ പ്രകടനമാണ് ആര്.ജെ.ഡിയെ ഇത്തരത്തില്‍ ചിന്തിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല , നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് സീറ്റുകള്‍ നല്‍കേണ്ടതുള്ളതിനാല്‍ കോണ്‍ഗ്രസ്സിനു തന്നെയാണ് സീറ്റ് വിഭജനത്തില്‍ ഏറെ നഷ്ടമുണ്ടാകുക. അതാകട്ടെ, വ്യക്തവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.