തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നുവെന്ന പരാതിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കേസ്.
ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. പാലയൂര്‍ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളര്‍ച്ച ബാധിച്ചത്.ഡിസംബര്‍ ഒന്നിനാണ് സംഭവം. പാലയൂര്‍ സെന്റ് തോമസ് എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടര്‍ന്നാണ് മാതാവുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാൻ നിര്‍ദേശിച്ചു. തുടര്‍ന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്കി.
കൈയില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോള്‍ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയില്‍ പറയുന്നു. പിന്നീട് അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെപ്പ് നല്കി. ഇതോടെ ഇടതുകാലില്‍ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു.
എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോള്‍ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാവ് ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. കൈയില്‍ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നല്കിയ ഡോക്ടര്‍ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു.
എന്നാല്‍ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇഞ്ചക്ഷൻ ഞരമ്പില്‍ കൊണ്ടതിനാലോ ആവാം കാലിന് തളര്‍ച്ചയുണ്ടായതെന്നാണ് അവിടെയുള്ള ഡോക്ടര്‍ പറഞ്ഞത്.
ഇതോടെ രക്ഷിതാക്കള്‍ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, എം.എല്‍.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവര്‍ക്കും പരാതി നല്കി.
ഇഞ്ചക്ഷൻ എടുത്ത നഴ്സിനും ഡോക്ടര്‍ക്കും എതിരെ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിയുടെ കാലിലെ ഒരു ഞരമ്പിന്റെ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.
ആറുമാസം എങ്കിലും തുടര്ചികിത്സയുണ്ടെങ്കിൽ മാത്രമേ കുട്ടിക്ക് ചലനശേഷി തിരികെ ലഭിക്കൂ എന്ന അവസ്ഥയിലാണെന്നും കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.