മൂലമറ്റം : ഇരട്ട കൊലപാതകത്തിന്റെ നടുക്കം മാറാതെ അറക്കുളം ചേറാടി ഗ്രാമം.
സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബം. കീരിയാനിക്കൽ വീടിനെക്കുറിച്ച് ചേറാടിക്കാർക്ക് ആ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
ഗൃഹനാഥൻ കുമാരനും ഭാര്യ തങ്കമണിയും അരുംകൊല ചെയ്യപ്പെട്ടെന്നും കേസിൽ മകൻ അജേഷിനെ പോലീസ് തിരയുകയാണെന്നുമുള്ള വാർത്ത ആദ്യം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രിയിൽ എന്താണ് അവിടെ സംഭവിച്ചതെന്ന് അവർ ചോദിക്കുന്നു. അജേഷിനെ കണ്ടെത്തിയാൽ മാത്രമെ ഇതിന് ഉത്തരം കിട്ടു.ചൊവ്വാഴ്ച മുതൽ അജേഷ് മനോനില തെറ്റിയ പോലെയാണ് പെരുമാറിയതെന്ന് ഇവർ പറയുന്നു. രാത്രിയിൽ കത്തിയുമായി ശൂന്യതയിലേക്ക് നോക്കി അജേഷ് ആരെയൊക്കെയോ വെല്ലുവിളിക്കുന്നതായി ഇവർ കണ്ടു.
രാത്രിയിൽ വീട്ടിലേക്ക് വരുന്ന വഴിയിൽ വീണ് തലയ്ക്ക് മുറിവേറ്റ അജേഷിനെ ബന്ധുക്കളെത്തി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടി.
രാത്രി പന്ത്രണ്ടോടെയാണ് ആശുപത്രിയിൽനിന്ന് ഇവർ തിരിച്ചെത്തിയത്. കുമാരനും തങ്കമണിയും വീട്ടിനകത്തും അജേഷ് തിണ്ണയിലെ കട്ടിലിലും കിടക്കുന്നതും കണ്ടാണ് ബന്ധുക്കൾ മടങ്ങിയത്. പിന്നീടെന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.
വിളിച്ചാൽ കേൾക്കുന്ന ദൂരത്താണ് സഹോദരങ്ങളെല്ലാം താമസിക്കുന്നത്. വീട്ടിൽ അസാധാരണമായി ഒന്നും കണ്ടില്ലെന്നും കുമാരന്റെ സഹോദരിമാരായ മീനാക്ഷിയും കമലാക്ഷിയും പറഞ്ഞു.
അച്ഛനും മകനും സുഹൃത്തുക്കളേപ്പോലെയായിരുന്നു. വീട്ടിൽ ഒരിക്കൽപ്പോലും വഴക്കുണ്ടായി കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു. ഐ.ടി.ഐ. പഠിച്ച അജേഷ് ഏറെക്കാലം വയറിങ് ഏറ്റെടുത്ത് നടത്തിയിരുന്നു.ബുധനാഴ്ച രാവിലെ ഹോസിൽ വെള്ളം വിടാനെത്തിയ കുമാരന്റെ സഹോദരൻ പരമേശ്വരനാണ്, വീട്ടിൽനിന്ന് തങ്കമണിയുടെ കരച്ചിൽ കേട്ടത്.
വെള്ളം വേണമെന്ന് അവ്യക്തമായി പറയുന്നത് കേട്ടു. പേടിതോന്നിയ പരമേശ്വരൻ, അടുത്തുതന്നെ താമസിക്കുന്ന തന്റെ സഹോദരിമാരായ മീനാക്ഷിയെയും കമലാക്ഷിയെയും വിളിച്ചുവരുത്തി. വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ കുമാരനെയും തങ്കമണിയെയും കണ്ടത്.
കുമാരൻ അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കട്ടിലിൽ കിടക്കുന്നനിലയിലായിരുന്നു. തറയിൽ കിടന്ന തങ്കമണിക്ക് ഇവർ വെള്ളം നൽകി. ഇതിനിടെ പോലീസെത്തി തങ്കമണിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തങ്കമണിയെങ്കിലും രക്ഷപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
എന്നാൽ, പ്രാർഥനകളെ വിഫലമാക്കി തങ്കമണിയും യാത്രയായി. രണ്ടുപേരുടെയും തലയിലാണ് വെട്ടേറ്റത്. മാരകമായ മുറിവായിരുന്നു. കുമാരന്റെ തലയുടെ പിൻഭാഗം വെട്ടേറ്റ് തൂങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.