മാവേലിക്കര: എ ബി വി പി പ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശി വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് എസ് എസ് സീന മുമ്പാകെ നടന്ന നടന്ന സാക്ഷി വിസ്താരത്തിലാണ് രണ്ടാം സാക്ഷി ശ്രീജിത്ത് കേസിലെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്.സംഭവ കാലത്ത് എ ബി വി പി യുടെ സംഘടന ചുമതലയിൽ പ്രവർത്തിക്കുന്നവരായിരുന്നു താനും കൊല്ലപ്പെട്ട വിശാലുമെന്ന് സാക്ഷി ചീഫ് വിസ്താരത്തിൽ പറഞ്ഞു. വിശാലിനെ കൊലപ്പെടുത്താനായി കരുതി കൂട്ടിയെത്തിയ പ്രതികൾ വിശാലിനെ കുത്തി മുറിവേൽപിച്ചപ്പോൾ താൻ താങ്ങിയെടുത്തുവെന്നും ആ സമയം തന്നെ പ്രതികൾ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുവെന്നും വിശാലിനെ കുത്തിയ ആൾ തൻ്റെ പുറത്തും അതീവ ഗുരുതരമായ പരിക്കേൽപ്പിച്ചുവെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിൻ്റെ ചീഫ് വിസ്താരത്തിൽ സാക്ഷി മൊഴി നല്കി.
തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമാകയാൽ തുടർ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നതായും സാക്ഷി കോടതിയിൽ പറഞ്ഞു. സംഭവസമയത്ത് കുത്തേറ്റ വിശാലിനെ ഉടൻ തന്നെ ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രിയിൽ കൊണ്ടുപോയി എന്നും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിശാൽ മരണപ്പെട്ടതായും സാക്ഷി കോടതിയിൽ പറഞ്ഞു.
വിശാലിനെയും തന്നെയും മറ്റൊരു സാക്ഷിയായ വിഷ്ണു പ്രസാദിനെയും കുത്തിയത് പന്തളം സ്വദേശിയായ ഷെഫീക്ക് എന്നയാൾ ആണെന്നും മൊഴി നല്കിയ സാക്ഷി പ്രതിക്കൂട്ടിലുണ്ടായിരുന്ന ഷെഫീക്കിനെയും ഇതര പ്രതികളെയും ചൂണ്ടിക്കാട്ടി തിരിച്ചറിയുകയും ചെയ്തു. 2012 ജൂലൈ 16ന് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അദ്ധ്യായനം ആരംഭിക്കുന്ന ദിവസമാണ് വിശാലിനും മറ്റും എതിരെ കാമ്പസ് ഫ്രണ്ടുകാർ ആക്രമണം അഴിച്ചുവിട്ടത്.
പ്രതികൾ ഉപയോഗിച്ച കത്തി, ഹെൽമറ്റ്, വസ്ത്രങ്ങൾ തുടങ്ങിയവയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. വിചാരണ വ്യാഴാഴ്ചയും തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.