ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടു.
അക്രമിയുടെ കൈവശം പ്രതാപ് സിംഹയുടെ ഓഫീസ് അനുവദിച്ച സന്ദര്‍ശക പാസ് കണ്ടെടുത്തത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. പാസ് അനുവദിച്ച സാഹചര്യം സംബന്ധിച്ച കാര്യങ്ങളില്‍ പ്രതാപ് സിംഹ സ്പീക്കര്‍ക്ക് വിശദീകരണം നല്കി.
പിടിയിലായ അക്രമികളില്‍ ഒരാളായ സാഗര്‍ ശര്‍മയുടെ പിതാവ് മൈസൂരുവില്‍ തന്റെ ലോക്സഭാ മണ്ഡലത്തില്‍ താമസിക്കുന്ന ആളാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ അദ്ദേഹം പാസ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചതായാണ് വിവരം.പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി തന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായും ഓഫീസുമായും അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ മൈസൂരുവിലെ പ്രതാപ് സിംഹയുടെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 'ബിജെപി എംപിയുടെ പാസില്‍ പാര്‍ലമെന്റില്‍ കടന്നുകയറ്റം' എന്ന അടിക്കുറിപ്പോടെ പ്രതാപ് സിംഹയും മോദിയും ഒന്നിച്ചുള്ള ചിത്രം ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവെച്ചും കോണ്‍ഗ്രസ് പരിഹസിച്ചു.
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവര്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്സഭയുടെ ശൂന്യവേളയിലാണ് അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു.
ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. ലോക്സഭയ്ക്കുള്ളില്‍ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുന്‍പാണ്, പാര്‍ലമെന്റിന് പുറത്ത് നീലം ദേവിയും അമോല്‍ ഷിന്‍ഡേയും ചേര്‍ന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തിയതും മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. സംഭവത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ടുപേരേ കൂടി ഇനി പിടികൂടാനുണ്ട്.
അന്വേഷണം വിപുലമാക്കി ഐ.ബി
പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.
പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം.
അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.