SDPI ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അധ്യക്ഷതയിൽ (എന്‍ഡബ്ല്യുസി) യോഗം മൈസൂരുവില്‍ സംഘടിപ്പിച്ചു.

എറണാകുളം :സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി (എന്‍ഡബ്ല്യുസി) യോഗം 2023 ഡിസംബര്‍ 12, 13 തിയ്യതികളില്‍ മൈസൂരുവില്‍ സംഘടിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുകയും ചുവടെ നല്‍കിയിരിക്കുന്ന പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 

പ്രമേയങ്ങള്‍:

1. പ്രശ്‌നങ്ങളും ദുരിതങ്ങളും തിരിച്ചറിയാനും പരിഹരിക്കാനും ജാതി സെന്‍സസ് അനിവാര്യം

വൈവിധ്യമാര്‍ന്ന ജാതികളുടെയും മതങ്ങളുടെയും രാജ്യമാണ് ഇന്ത്യ. കീഴ്ജാതിക്കാരെയും മതന്യൂനപക്ഷങ്ങളെയും സാമൂഹിക ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിര്‍ത്താന്‍ അധീശ മേല്‍ജാതിക്കാര്‍, പണ്ടുമുതലേ ഉത്സുകരാണ്.

സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലും ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പട്ടിണി, പോഷകാഹാരക്കുറവ്, ശുചിത്വം മുതലായവയുടെ കാര്യത്തിലും സമൂഹത്തിലെ ഈ വിഭാഗങ്ങളെ വളരെ പരിതാപകരമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് ഇതു കാരണമായി.

സമ്പത്ത് വിതരണത്തിൽ ദരിദ്രരും സമ്പന്നരും തമ്മിലുള്ള  അസമത്വം രാജ്യത്ത് വളരെ വലുതാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഓക്‌സ്ഫാം  റിപ്പോര്‍ട്ട് അനുസരിച്ച്,  മൊത്തം സമ്പത്തിന്റെ 40.5% രാജ്യത്തെ 1% വരുന്ന ഏറ്റവും ഉന്നതരുടെ കൈവശത്തിലാണ്.

അതേസമയം താഴെത്തട്ടിലുള്ള, ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ സമ്പത്തിന്റെ കേവലം 3% മാത്രം പങ്കിടുന്നു. 2020-ല്‍ 102 ആയിരുന്ന രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2022-ല്‍ 166 ആയി ഉയര്‍ന്നു. 'ഇന്ത്യയിലെ ദരിദ്രര്‍ക്ക് അതിജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ല' എന്ന് റിപ്പോര്‍ട്ട് പറയുന്നു. താഴ്ന്ന ജാതിക്കാരും മതന്യൂനപക്ഷങ്ങളുമാണ് ഈ 3%.

മുഴുവന്‍ ജനങ്ങളുടെയും ജാതി, മതം, പ്രദേശം, നിറം, വംശം, ഭാഷ എന്നിവക്കതീതമായ വളർച്ചയിലൂടെയാണ് രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും കൈവരിക്കാനാവുന്നത്. തങ്ങളുടെ ചങ്ങാത്ത മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ പരിപോഷിപ്പിക്കാന്‍ നിലകൊള്ളുന്ന സര്‍ക്കാര്‍, പാവപ്പെട്ട ജനങ്ങളുടെ ക്ഷേമം, വളര്‍ച്ച, വികസനം എന്നിവയെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ല.

രാജ്യത്തെ ഏറ്റവും അധഃസ്ഥിതരും അതിജീവനത്തിനായി പോരാടുന്നവരുമാണ് താഴ്ന്ന ജാതിക്കാരും ന്യൂനപക്ഷങ്ങളും. ഈ ആളുകളുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തുന്നതിന്, അവരുടെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള കൃത്യമായ വിവരശേഖരണം അനിവാര്യമാണ്.

ഈ വിവരങ്ങൾ ശേഖരിക്കാനും താഴേത്തട്ടിലുള്ള ജാതികളെയും ന്യൂനപക്ഷങ്ങളെയും അവരുടെ ഇന്നത്തെ ശോച്യാവസ്ഥയില്‍ നിന്ന് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കാനും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സഹായിക്കും. 

ഈ സാഹചര്യത്തില്‍,  വിവിധ ജാതികളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിന് ജനറല്‍ സെന്‍സസിന്റെ ഭാഗമായി ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി യോഗം ഈ  പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

2. ഗവര്‍ണര്‍മാര്‍ ഫെഡറലിസം ഉയര്‍ത്തിപ്പിടിക്കണം

ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ പക്ഷപാതമില്ലാത്തവരും  രാഷ്ട്രീയത്തിനതീതരുമായിരിക്കണം എന്നാണ് വിവക്ഷ. എന്നാല്‍ തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍, വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുപകരം തങ്ങളുടെ രാഷ്ട്രീയ മേലധികാരികളുടെ താളത്തിനൊത്ത് തുള്ളുകയാണ്.

ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെ തൃപ്തിക്കായി വൃത്തികെട്ട രാഷ്ട്രീയം കളിച്ച്  ഈ സംസ്ഥാനങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകളെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ കൈവശം വയ്ക്കുകയും അകാരണമായി ബില്ലുകള്‍ നിരസിക്കുകയും മടക്കി അയക്കുകയും ചെയ്യുന്നത് അവരുടെ രാഷ്ട്രീയ വിനോദത്തിൽ ഉള്‍പ്പെടുന്നു.

ധിക്കാരപരമായ അവരുടെ ഈ നിലപാട് രാഷ്ട്രീയ പകപോക്കലാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അനാദരവും സംസ്ഥാനങ്ങളിലെ വോട്ടര്‍മാരോടുള്ള അവഹേളനവുമാണ്. ഫെഡറലിസത്തിന്റെ ലംഘനമാണ്. അവരുടെ ഇത്തരം വൃത്തികെട്ട പ്രവൃത്തികള്‍ കോടതികളെ സമീപിക്കാൻ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കി. കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ പരാമർശങ്ങൾക്ക് ഇത് കാരണമായി. 

ഗവർണർമാരുടെ ജനാധിപത്യ- ഫെഡറല്‍ വിരുദ്ധ നിലപാടുകളോടും  തരംതാണതും പക്ഷപാതപരവുമായ രാഷ്ട്രീയത്തോടും എസ്ഡിപിഐ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഗവര്‍ണര്‍മാര്‍ത ങ്ങളുടെ ഓഫീസുകള്‍ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും, അവരുടെ ഭരണഘടനാപരമായ അധികാര പരിധിയിൽ ഒതുങ്ങി നിന്ന് പെരുമാറണമെന്നും എസ്ഡിപിഐ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. 

3. ദലിതര്‍ക്കെതിരായ അതിക്രമങ്ങളുടെ വര്‍ധനവ് ഗുരുതരമായ ആശങ്ക ഉണര്‍ത്തുന്നു

ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ചാതുര്‍വര്‍ണ സമ്പ്രദായത്തിന്റെ അതിര്‍വരമ്പിന് പുറത്തുള്ളവരും തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുന്നവരുമായ ദലിതരെ ഉയര്‍ന്ന ജാതിക്കാര്‍ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല.

രാജ്യത്തെ പശുക്കള്‍ക്ക് കിട്ടുന്ന മിനിമം ആദരവ് പോലും ദലിതര്‍ക്ക് ലഭിക്കുന്നില്ല. അവരുടെ പൗര-മൗലിക-മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമല്ലാത്ത മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഉയര്‍ന്ന ജാതികളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നത്.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കു മേല്‍ മൂത്രമൊഴിക്കുക, അവരെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുക, നഗ്‌നരായി തെരുവില്‍ നടത്തുക തുടങ്ങിയ എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാക്കുന്നു. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാനോ ഉയര്‍ന്ന ജാതിക്കാരുടെ കൂടെ ഭക്ഷണം കഴിക്കാനോ അവര്‍ക്ക് അനുവാദമില്ല.

രാജ്യത്തുടനീളം പ്രതിവര്‍ഷം 60,000 ത്തോളം ദളിതർക്കെതിരെയുള്ള അതിക്രമക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുഎന്നത് കാര്യത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു. ജാതിയും മതവും നോക്കാതെ രാജ്യത്തെ പൗരന്മാരെ തുല്യരായി പരിഗണിക്കുകയും അവരുടെ അന്തസ്സ് മാനിക്കപ്പെടുകയും ചെയ്യാതെ ഈ സാഹചര്യം മാറില്ല. 

രാജ്യത്ത് ദലിത് സമൂഹത്തിന് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ എസ്ഡിപിഐ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതരോട് ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന പെരുമാറ്റം മനുഷ്യത്വരഹിതവും പരിഷ്‌കൃത സമൂഹത്തിന് അപമാനവുമാണ്. ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു.

4. സിഎഎ ഭരണഘടനാ വിരുദ്ധം

പൗരത്വ (ഭേദഗതി) നിയമം (സിഎഎ) വരും മാസങ്ങളില്‍ തീർച്ചയായും  നടപ്പാക്കുമെന്നും 2024 മാര്‍ച്ച് 30-നകം  അതു സംബന്ധിച്ച ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന്  രാജ്യസഭ ലെജിസ്ലേറ്റീവ് കമ്മിറ്റിക്ക് സമയപരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പ്രസ്താവിച്ചതായി അടുത്തയിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വര്‍ഗീയ ധ്രുവീകരണവും വിഭജന രാഷ്ട്രീയവുമാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ബിജെപിയുടെ തുറുപ്പുചീട്ട്. വരാനിരിക്കുന്ന  പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അവര്‍ സിഎഎ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഇതിനകം തന്നെ ആഴത്തില്‍ വേരൂന്നിയിട്ടുള്ള വര്‍ഗീയ വിഭജനം കൂടുതല്‍ ശക്തമാക്കും. തിരഞ്ഞെടുപ്പില്‍ ഇത് തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ജനതയിൽ നിന്ന് ഒരു പ്രത്യേക സമുദായത്തെ നീക്കം ചെയ്യുന്നതിനാണ് സിഎഎ നടപ്പിലാക്കുന്നത്.  അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആറ് സമുദായങ്ങള്‍ക്ക് പൗരത്വം അനുവദിക്കാന്‍ നിര്‍ദേശിക്കുന്ന പ്രസ്തുത നിയമം മുസ്ലീം സമുദായത്തെ മാത്രം ഈ ആനുകൂല്യത്തിൽ നിന്ന് മാറ്റി നിരത്തിയിരിക്കുന്നു. 

ഇന്ത്യന്‍ ഭരണഘടനയോ ഇന്ത്യ പിന്തുടരുന്ന സംസ്‌കാരമോ പാരമ്പര്യമോ പൗരന്മാരെ അവരുടെ മതത്തിന്റെയോ മറ്റേതെങ്കിലും മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ല. അതിനാല്‍ സിഎഎ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു വിഭജന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കപ്പെടുന്നത്.

വര്‍ഗീയ ധ്രുവീകരണത്തിനും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനും ഇത് ഇടയാക്കും എന്നതിൽ സംശയമില്ല. 2019-ല്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസ്സാക്കിയപ്പോള്‍ തന്നെ പ്രായ-ലിംഗ-ജാതി-മത-പ്രദേശ പരിഗണനകൾക്കതീതമായി ജനങ്ങളില്‍ നിന്ന് ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയർന്നിരുന്നു.

കോവിഡ് 19 മഹാമാരി കാരണമായി നിലവിൽ വന്ന ലോക്ക്ഡൗണ്‍ വരെ ഈ പ്രക്ഷോഭങ്ങള്‍ അഭംഗുരം തുടർന്നിരുന്നു. ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കിൽ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തോടെ പ്രക്ഷോഭങ്ങള്‍ തുടരുമായിരുന്നു. തദ്വാരാ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാർ  നിര്‍ബന്ധിതരാകുകയും ചെയ്യുമായിരുന്നു. സിഎഎ പുനരുജ്ജീവിപ്പിക്കാനുള്ള ഏതൊരു ശ്രമവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ എല്ലാ മതേതര, ജനാധിപത്യ പാര്‍ട്ടികളും ഈ നീക്കത്തെ ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതുമുണ്ട്. 

രാജ്യത്ത് സിഎഎ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എസ്ഡിപിഐ ശക്തമായി എതിര്‍ക്കുന്നു. സിഎഎ റദ്ദാക്കുന്നത് വരെ അതിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.

5.  2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിലൂടെ ജനാധിപത്യം സംരക്ഷിക്കാനാകും

നമ്മുടെ രാജ്യത്തിന്റെ അടിത്തറയായ  ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷ-സ്വേച്ഛാധിപത്യ ഫാഷിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഇപ്പോള്‍ ആടിയുലയുകയാണ്. ഭരണ തലത്തിലെ അഴിമതിക്കും ജനവിരുദ്ധമായ നയങ്ങള്‍ക്കുമെതിരെ സംസാരിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള സഭാംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിടുന്നു.

സത്യസന്ധമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമങ്ങളെ ഏജന്‍സികള്‍ റെയ്ഡ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകർ ജയിലുകളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. പാര്‍ലമെന്റിലും പുറത്തും ഹീനവും പക്ഷപാതപരവും വംശീയവുമായ ഭാഷ ഉപയോഗിക്കുന്നതില്‍ ലജ്ജയില്ലാത്ത വിധം ഭരണപക്ഷ സാമാജികര്‍ അധഃപതിച്ചിരിക്കുന്നു.

തൊഴിലില്ലായ്മ, ബാങ്ക് ബാധ്യതകള്‍, പോഷകാഹാരക്കുറവ് എന്നിവയുടെ ഫലമായി പാവപ്പെട്ടവരും കര്‍ഷകരും ആത്മഹത്യയിലേക്ക് തിരിയുമ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കുടിശ്ശിക വരുത്തിയ 2.69 ലക്ഷം കോടി രൂപ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരണകക്ഷിയുടെ അജണ്ട വികസനമല്ല, വര്‍ഗീയ വിദ്വേഷമാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികള്‍ വീണ്ടും അധികാരം പിടിക്കുന്നത് തടയാന്‍ എല്ലാ സമുദായങ്ങളെയും ജനങ്ങളെയും പാര്‍ട്ടികളെയും ഉള്‍ക്കൊള്ളുന്ന വിശാലാടിസ്ഥാനത്തിലുള്ള സഖ്യം ഉണ്ടാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു

6. ആനുപാതിക പ്രാതിനിധ്യവും മണ്ഡലങ്ങളുടെ ന്യായമായ അതിർ നിർണയവും നടപ്പിലാക്കുക

ആനുപാതിക പ്രാതിനിധ്യ തത്വം പിന്തുടരാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും അടിയന്തരമായി ഒരു പൊതു ധാരണയിലെത്തണമെന്ന് എസ്ഡിപിഐ ശക്തമായി ആവശ്യപ്പെടുന്നു. ആനുപാതികമായ പ്രാതിനിധ്യ സമ്പ്രദായം ഇന്ത്യയിൽ അനിവാര്യമാണെന്ന് രൂപീകൃതമായതു മുതൽ എസ്ഡിപിഐ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്.

ഇന്ത്യൻ   സമൂഹത്തിലെ സാമൂഹികമായി ദുർബ്ബലരായവരും  രാഷ്ട്രീയമായി അസംഘടിതരുമായ വിഭാഗങ്ങളുടെ ഇല്ലായ്മയും അവർക്ക് നേരെയുള്ള വിവേചനവും ചൂഷണവും തിരിച്ചറിയുന്നതിനും,  ജീവിതകാലം മുഴുവൻ ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങളും പദവികളും ഉറപ്പാക്കുന്നതിനുമുള്ള  ഒരേയൊരു മാനദണ്ഡം നിലവിലുള്ള  സാമൂഹിക വിഭാഗങ്ങളും ജാതിയും സമുദായവും മാത്രമാണ്.

ആഴത്തിൽ വേരൂന്നിയ അനീതിയുടെ മാനസികാവസ്ഥയിൽ നിന്ന് മുക്തി നേടാനും നിയമപരമായ അവകാശങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മൊത്തത്തിലുള്ള നീതി നടപ്പാക്കുന്നതിനും ഓരോ ഇന്ത്യക്കാരനും തുല്യത ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രക്രിയയുടെ ആദ്യപടിയാണ് ജാതി കണക്കെടുപ്പ്.

എല്ലാവർക്കും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണത്തിൽ തുല്യ പങ്കാളിത്തം നൽകുന്ന അനുപാതം നിശ്ചയിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം ഒരു അടിയന്തരാവശ്യമാണ്.

വിട്ടുവീഴ്ചയില്ലാത്ത സമത്വം നീതിക്കും ശാശ്വത സമാധാനത്തിനും വേണ്ടിയുള്ള സമൂഹത്തിന്റെയും രാജ്യത്തിന്റെയും അഭിലാഷങ്ങൾ നിറവേറ്റിയേക്കാം എന്നും ദേശീയ വര്‍ക്കിംഗ് കമ്മിറ്റി തീർച്ചപെടുത്തുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !