കാട്ടാക്കട : സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയും ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി അംഗവുമായ പാപ്പാകോട് കിഴക്കുംകര വീട്ടിൽ അഭിശക്തിന്റെ നേതൃത്വത്തിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘത്തിന്റെ അക്രമം മാറനല്ലൂരിൽ തുടങ്ങുന്നത് രാത്രി ഒരുമണിയോടെ.
എല്ലാവരും ലഹരിയിലായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഒട്ടേറെ കേസുകളിൽ പ്രതിയുമായ ചക്ക പ്രദീപ് എന്ന മേലാരിയോട് സ്വദേശി പ്രദീപ്, വിഷ്ണു എന്നിവരായിരുന്നു സംഘത്തിൽ ഒപ്പം.
മണ്ണടിക്കോണത്ത് നിന്നു തുടങ്ങി അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ച് വണ്ടന്നൂർ, പാൽക്കുന്ന്, മേലാരിയോട്, ചെന്നിയോട് പ്രദേശങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ അടിച്ചു തകർത്തു.റോഡരികിലും വീടിനു മുന്നിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ആക്രമിച്ചു. ഒന്നരയോടെയാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശി കുമാറിന്റെ വീടിന് നേർക്ക് ആക്രമണം.
ജനാലച്ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട പുറത്തിറങ്ങിയ കുമാറിനെ അക്രമികൾ വെട്ടാനോങ്ങി. വീടിനുള്ളിലേക്ക് തിരിച്ചോടിക്കയറി ജീവൻ രക്ഷിച്ചു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ കുമാർ നാലു വർഷം മുൻപാണ് കോൺഗ്രസിലെത്തിയത്.
അന്നും ഇദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘത്തെ പിടിച്ചത് ഇന്നലെ ഉച്ചയോടെ ∙പുലർച്ചെ അവസാനിച്ച അക്രമത്തിലെ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെയും ആക്രമിക്കപ്പെട്ട വീട്ടുകാരുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞു പിടികൂടുന്നത് ഇന്നലെ ഉച്ചയോടെ.
സംഘം സഞ്ചരിച്ചിരുന്ന കാർ അഭിശക്തിന്റെ പേരിലുള്ളതാണ്. കാറും പിടിച്ചെടുത്തിട്ടുണ്ട്. അക്രമികൾ തകർത്ത വാഹനങ്ങൾ കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിഭാഗവും പരിശോധിച്ചു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. വാഹനങ്ങൾ തകർത്തിനു 11 കേസും വീട് ആക്രമിച്ചതിന് ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രകോപനമില്ലാതെ നടത്തിയ അക്രമം: സിപിഎം സമ്മതിച്ചു കാട്ടാക്കട∙ അഭിശക്തിനെ സിപിഎമ്മിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം കാട്ടാക്കട ഏരിയ സെക്രട്ടറി കെ.ഗിരിയാണു തീരുമാനം അറിയിച്ചത്. അക്രമത്തിനു പിന്നാലെ സിപിഎം ഊരുട്ടമ്പലം ലോക്കൽ കമ്മിറ്റി നടപടി തീരുമാനിച്ചതിനു പിന്നാലെയാണിത്.
സംഘർഷങ്ങൾ ഇല്ലാത്ത പ്രദേശത്ത് പ്രകോപനമില്ലാതെ നടത്തിയ അക്രമം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നാണു സിപിഎം വിലയിരുത്തൽ.അക്രമം പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിഛായ തകർക്കാനേ ഉപകരിക്കൂ.
കണ്ടല മറയ്ക്കാനുള്ള ആസൂത്രിത ശ്രമം: കോൺ.,ബിജെപി
കാട്ടാക്കട സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുണ്ടായ അക്രമം ആസൂത്രിതവും സിപിഎം ഗൂഡാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസും ബിജെപിയും ആരോപിച്ചു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എ.സുരേഷ് കുമാർ ഉൾപ്പെടെ ചിലരെ ഇന്നലെ കൊച്ചിയിൽ ഇഡി.ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ഈ സംഭവം മറയ്ക്കാൻ പ്രസിഡന്റിന്റെ സന്തത സഹചാരിയായ വ്യക്തി ഉൾപ്പെടെ അക്രമം അഴിച്ചു വിടുകയായിരുന്നുെവന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു.
ചോദ്യം ചെയ്യൽ വാർത്തകൾ ഈ സംഭവത്തിലൂടെ മറയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നു ബിജെപിയും അഭിപ്രായപ്പെട്ടു. ബിജെപി സ്ഥാപിച്ച ബോർഡുകളും അക്രമികൾ തകർത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രകടനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.