ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലെ 8,000 ത്തോളം കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് കേരള വാട്ടർ അതോറിററ്റിയുടെ നേതൃത്വത്തിൽ അമൃത് കുടിവെള്ള പദ്ധതി പ്രകാരം ഒന്നാം ഘട്ടമായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യേക താല്പര്യമെടുത്താണ് ആനുപാതികമായി ലഭിക്കുമായിരുന്ന 8 കോടി രൂപ വർദ്ധിപ്പിച്ച് 25 കോടി രൂപ അനുവദിച്ചത് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു.ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ 8000 ത്തോളം ഗാർഹിക കണക്ഷനുകൾ ആവശ്യമുള്ളപ്പോൾ നിലവിൽ 500 ഓളം വീടുകളിൽ മാത്രമാണ് കേരള വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. കേരളത്തിൽ തന്നെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതികൾ ഏറ്റവും കുറവുള്ള നഗരസഭകളിൽ ഒന്നാണ് ഈരാറ്റുപേട്ട.
ഈ കുറവ് പരിഹരിച്ച് സമ്പൂർണ്ണ ശുദ്ധജല വിതരണ ശൃംഖല സ്ഥാപിക്കുമെന്ന് എംഎൽഎ അറിയിച്ചു. മലങ്കര ഡാമിൽ നിന്നുള്ള ജലം ശുദ്ധീകരിച്ച് എത്തിച്ചാണ് ജലവിതരണം നടത്തുക. തേവരുപാറയിൽ ഇപ്പോഴുള്ള ഉപരിതല ടാങ്കിന് പകരം 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് പുതുതായി നിർമ്മിച്ച് ജലം ശേഖരിച്ച് ആയിരിക്കും കുടിവെള്ള വിതരണം നടത്തുക.
അനുവദിക്കപ്പെട്ട തുകയിൽ 8 ലക്ഷം രൂപ വിനിയോഗിച്ച് വിശദമായ സാധ്യത പഠനം നടത്തി നഗരസഭാ അതിർത്തിയിൽ പൂർണ്ണമായ ജലവിതരണം നടത്താൻ പര്യാപ്തമായ നിലയിൽ വിശദമായ പ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. സോയിൽ ടെസ്റ്റിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് കൂടുതൽ തുക ആവശ്യമായി വന്നാൽ ആവശ്യമായി വരുന്ന അധിക തുക രണ്ടാംഘട്ടമായി അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.