ഈരാറ്റുപേട്ട : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇനി പൂക്കൾ അഴക് പകരും. പുഷ്പങ്ങളിൽ നിന്നും സുഗന്ധം വമിക്കും. മനം മടുപ്പിക്കുന്ന ഗന്ധം ഇനി ഒഴിയുകയാണ്.
ഇതേ നിലയിൽ ഈരാറ്റുപേട്ട നഗര പരിധിയിൽ ആറ് സ്ഥലങ്ങൾ ആണ് നഗരത്തിന്റെ ഉദ്യാനതോപ്പുകളായി മാറാൻ പോകുന്നത്. കടുവാമുഴിയിൽ മീനച്ചിലാറിന്റെ സമീപം റോഡരികിൽ പൊന്തക്കാടുകൾ വളർന്ന് സ്ഥലം നാളുകളായി മാലിന്യങ്ങളിട്ട് നശിപ്പിച്ചവർക്ക് ഇനി അവിടെ മാലിന്യങ്ങൾ ഇടാൻ മനസ് വരില്ല.അവിടം വെട്ടിത്തെളിച്ച് മാലിന്യങ്ങൾ നീക്കി മാന്തോപ്പും ചാമ്പത്തോപ്പും പൂന്തോപ്പും ആക്കി ചുവർ ചിത്രങ്ങളും ഒരുക്കി സൗന്ദര്യം നിറയ്ക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. ഇതേ നിലയിൽ മുട്ടം കവലയിലെ വഴിയിടം വിശ്രമ കേന്ദ്രത്തിന്റെ സമീപം മീനച്ചിലാറിൽ മാലിന്യങ്ങൾ ഒളിച്ചും പാത്തും കൊണ്ടിട്ടിരുന്നവർക്കും ഇനി അത് പറ്റില്ല.
ഇവിടെയും നാടിന്റെ വിദ്യാർത്ഥി സമൂഹം സുഗന്ധം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. നഗരസഭയുടെ നേതൃത്വത്തിൽ വിവിധ കോളേജ്, സ്കൂൾ എൻഎസ്എസ് യുണിറ്റുകൾ ചേർന്നാണ് സ്നേഹാരാമം എന്ന സ്നേഹം നിറയുന്ന പൂന്തോട്ടം എന്ന പദ്ധതി നഗരസൗന്ദര്യവൽക്കരണ ഭാഗമായി ഒരുക്കുന്നത്. ഈ മാസം ഒടുവിൽ ശുചീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാകുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു.
ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹാരാമത്തിന്റെ നിർമാണ ഉദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു. നഗരമധ്യത്തിലെ മഞ്ചാടി തുരുത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളും ബിഎഡ് കോളേജിലെ എൻഎസ്എസ് യുണിറ്റും ചേർന്ന് സ്നേഹാരാമത്തിന്റെ രണ്ട് പദ്ധതികളാണ് ഒരുക്കുകയെന്ന് വൈസ് ചെയർമാൻ അഡ്വ ബി എ മുഹമ്മദ് ഇല്യാസ് പറഞ്ഞു.
സെന്റ് ജോർജ് കോളേജിലെ എൻഎസ്എസ് യുണിറ്റിന്റെ നേതൃത്വത്തിൽ കടുവാമുഴിയിലും മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യുണിറ്റിന്റെ നേതൃത്വത്തിൽ മുട്ടം കവലയിലും സ്നേഹാരാമങ്ങൾ നിർമിക്കും.
കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഫിലിപ്പ്, ശുചിത്വ മിഷൻ പ്രതിനിധികളായ അബ്ദുൽ മുത്തലിബ്, ഹരിശങ്കർ, കെഎസ്ആർടിസി സ്റ്റേഷൻ ഓഫിസർ ഷിബു, സൂപ്രണ്ട് ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.