തൃശൂർ: ജില്ലയിലെ ആദ്യ നവകേരള വേദിയായ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പൊളിച്ച മതിൽ തകര ഷീറ്റ് വച്ച് മറച്ച നിലയിൽ.
നാലിനു നടന്ന നവകേരള സദസ്സിന്റെ ഭാഗമായി കഴിഞ്ഞ രണ്ടിനു പുലർച്ചെയാണ് സ്കൂളിന്റെ മതിൽ പൊളിച്ച നിലയിൽ നാട്ടുകാർ കണ്ടത്.മതിൽ ദുർബലപ്പെട്ട് കല്ലുകൾ ഇളകിയ നിലയിലായതിനാൽ ഇത് പുതുക്കി പണിയാൻ സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, നവകേരള സദസ്സിലെത്തുന്നവർക്ക് പ്രവേശിക്കാൻ ഒരു കവാടം മാത്രമാണ് ഉള്ളതെന്നും തിരക്ക് കൂടിയാൽ അപകട സാധ്യത ഒഴിവാക്കാനും ജനങ്ങൾക്ക് പുറത്ത് കടക്കുന്നതിനുമാണ് മതിൽ പൊളിച്ചതെന്ന് സംഘാടക സമിതി ചെയർമാനായ കെ.കെ. മുരളീധരൻ അന്ന് പറഞ്ഞത്.
നിലവിൽ ടെക്നിക്കൽ അനുമതി ലഭിക്കാത്തതിനാലാണ് നിർമാണം വൈകുന്നതെന്നും, അനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമാണ് നിർമാണം നടക്കുകയുള്ളൂവെന്നും, ഇതിന് ഇനിയും സമയമെടുക്കുമെന്ന് വള്ളത്തോൾ നഗർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പ്രിയ പറഞ്ഞു.
മതിൽ തുറന്നുകിടക്കുന്നതിനാൽ പുറത്തു നിന്നു വാഹനങ്ങളും, ആൾക്കാരും സ്കൂളിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രധാനാധ്യാപിക ആൻസിയമ്മ മാത്യുവിന്റെ പരാതിയെ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ മതിലിന്റെ പൊളിച്ച ഭാഗം തകര ഷീറ്റുകൾ വച്ച് മറച്ചത്.
മതിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിക്കും: കോൺഗ്രസ് ചെറുതുരുത്തി ∙ തകര ഷീറ്റ് മാറ്റി മതിലിന്റെ പുനർ നിർമാണം അടിയന്തരമായി നടത്തിയില്ലെങ്കിൽ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സ്കൂൾ മതിലിന്റെ പൊളിച്ച ഭാഗം ജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമിക്കുമെന്ന് കോൺഗ്രസ് വള്ളത്തോൾനഗർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.ഐ. ഷാനവാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.