കൊല്ലം;ഓയൂരിൽ കാറിൽ കാത്തു കിടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ രീതി അന്വേഷണ സംഘത്തോടു പ്രതികൾ വിവരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് മൂവരെയുമെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകുന്നേരം 3.55ന് കനത്ത പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ ഓട്ടുമലയിൽ എത്തിച്ചത്.
വിവരമറിഞ്ഞു നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും അടക്കം നൂറുകണക്കിനു പേർ പ്രദേശത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ പ്രതികളെ കൂവി വിളിച്ചു. പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ മുത്തച്ഛനും പൊലീസ് വാഹനത്തിന് അടുത്തെത്തി.കാർ നിർത്തിയിട്ടിരുന്ന സ്ഥലത്തും കുട്ടിയെ പിടിച്ചു കയറ്റിയ സ്ഥലത്തും പത്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കി നിർത്തി. അനുപമയെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. കഴിഞ്ഞ 27ന് വൈകിട്ട് 4.15ന് കുട്ടികൾ സമീപത്തെ വീട്ടിൽ ട്യൂഷനു പോകുമെന്നു മനസ്സിലാക്കി, കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ കാറിലെത്തി 100 മീറ്റർ അകലെ കാത്തു കിടന്നെന്നു പ്രതികൾ മൊഴി നൽകി.
കുട്ടികൾ നടന്നു വരുന്നത് മനസ്സിലാക്കി കാർ പതുക്കെ മുന്നോട്ടെടുത്തു തൊട്ടടുത്തു നിർത്തി. മുൻസീറ്റിലിരുന്ന അനിതകുമാരി ഡോർ തുറന്നു പെൺകുട്ടിയെ കാറിൽ വലിച്ചു കയറ്റി.
കുട്ടിയുടെ സഹോദരൻ തടയാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ അടച്ച ശേഷം വിട്ടുപോകുകയായിരുന്നെന്ന് അനിതകുമാരി പറഞ്ഞു.
കാറിൽ കുട്ടിയെ പിടിച്ചുകയറ്റുന്ന സമയത്ത് ഒരു കുറിപ്പ് കുട്ടിയുടെ സഹോദരനു കൈമാറാൻ ശ്രമിച്ചെങ്കിലും പിടിവലിക്കിടെ അതു കാറിൽ അകപ്പെട്ടെന്നും മൊഴി നൽകി. ഈ സമയം കാറിൽ വേറെ ആരുണ്ടെന്നുള്ള ചോദ്യത്തിനു മറുപടിയായി മകൾ അനുപമ പുറകിലെ സീറ്റിൽ ഉണ്ടായിരുന്നുവെന്ന് അനിത മറുപടി നൽകി. അര മണിക്കൂറിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി.
അതേ സമയം തെളിവെടുപ്പിന് എത്തിച്ച ഫാമിൽ കുട്ടികളുടെ വേറെയും ചെരുപ്പുകൾ കണ്ടെത്തിയത് ഏറെ ആശങ്കയ്ക്ക് വഴിവെച്ചു.സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.