ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാകണമെന്ന റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫിന്റെ എറണാകുളം അങ്കമാലി അതിരൂപത ഹയരാർക്കിയുടെ ശതാബ്ദി ആഘോഷത്തിലെ പ്രസ്‌താവന ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നവരുടേതാണ്.
വിശ്വാസവും സന്മാർഗ്ഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പഠിപ്പിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് തെറ്റ് പറ്റുകയില്ല എന്ന കത്തോലിക്കാ സഭയുടെ പഠനത്തെ ശ്രീ കുര്യൻ ജോസഫ് തള്ളിക്കളയുകയാണ്. മാർപാപ്പയുടെ അപ്രമാദിത്വത്തെ അദ്ദേഹം അംഗീകരിക്കുന്നില്ലേ.വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാർപാപ്പ ഒരു നിർദ്ദേശം നൽകുമ്പോൾ അത് സ്വീകരിക്കാൻ കടപ്പെട്ട വിശ്വാസികളെ വിശ്വസത്യാഗത്തിന് പ്രേരിപ്പിക്കുകയാണ് എറണാകുളത്തെ ചില വൈദികരും കൂട്ടാളികളും ചെയ്യുന്നതെന്ന കാര്യം അങ്ങ് മറന്നു പോയോ?
എറണാകുളത്തെ എന്ത് കാര്യങ്ങളാണ് മാർപാപ്പയെ ബോധിപ്പിക്കാൻ ശ്രീ കുര്യൻ ജോസഫ് സാർ ആഗ്രഹിക്കുന്നത് ?... കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കർദിനാൾ ലിയനാർഡോ സാന്ദ്രിയുടെയും കോലം മാർ കരിയിലിന്റെയും ചില വൈദികരുടെയും സാന്നിധ്യത്തിൽ കത്തിച്ചതോ? എറണാകുളം അരമനയിൽ നടന്ന കട്ടിൽ സമരത്തിന്റെ ബാക്കി പത്രങ്ങളോ?
2021-ൽ നൂറോളം വൈദികരുടെ നേതൃത്വത്തിൽ കാക്കനാട്ടെ സഭാ ആസ്ഥാനം ഉപരോധിച്ചതിനെക്കുറിച്ചോ ?...സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന 12 മണിക്കൂർ മാരത്തൺ കുർബാനയെക്കുറിച്ചോ? സീറോ മലബാർ സഭയ്‌ക്കെതിരെ നടന്ന കലൂരിലെ റാലിയെക്കുറിച്ചോ?
മാർപ്പാപ്പ അയച്ച പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ കുർബാന എഴുന്നെള്ളിച്ചു കൊണ്ടുപോകുമ്പോൾ വൈദികരുടെ സാന്നിധ്യത്തിൽ കുപ്പി കൊണ്ട് എറിഞ്ഞതോ?.... അതോ കള്ളപ്രചരണം നടത്തി ഒരു വിശുദ്ധനായ സഭാപിതാവിനെ സ്ഥാനത്യാഗത്തിലേക്ക് കൊണ്ടെത്തിച്ച സംഭവങ്ങളെക്കുറിച്ചോ?
2013 -ൽ വിശുദ്ധ വാരത്തിൽ പ്രമുഖരുടെ വിവിധ അത്താഴ സൽക്കാരങ്ങൾ ബഹിഷ്‌ക്കരിച്ച താങ്കളാണോ തിരുസഭ ആഗമനകാലത്തിലെ നോമ്പുകാലം ആചരിക്കുന്ന ഈ അവസരത്തിൽ സഭയുടെ അനുവാദമില്ലാതെ നടത്തുന്ന ഈ ശതാബ്ദി ആഘോഷങ്ങളിൽ പങ്കു കൊണ്ടത്? എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായിനടക്കുന്ന എല്ലാ സത്യങ്ങളും മാർപാപ്പ മനസിലാക്കിയത് കൊണ്ടാണ് പാപ്പാ എറണാകുളം അതിരൂപതയ്‌ക്കു മാത്രമായി സഭയെ അനുസരിക്കാൻ വീഡിയോ പോലും അയച്ചു നൽകിയിരിക്കുന്നതെന്ന കാര്യം അങ്ങ് മറന്നോ?
മാർപാപ്പയെ സ്നേഹിക്കുന്ന, അംഗീകരിക്കുന്ന അതിരൂപതയെന്ന നിലയിൽ ഡിസംബർ 25-ന് എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കാമെന്ന് പറഞ്ഞ അങ്ങയുടെ ഒരേയൊരു വാചകമാണ് ആ പ്രസംഗത്തിലെ രജത രേഖ.ഭാരത്തിലെ നീതിമാനായ ന്യായാധിപനെന്ന നിലയിലും മാർപ്പാപ്പയെ ഉപദേശിക്കുന്ന പൊന്തിഫിക്കൽ സമിതിയിലെ അംഗമായിരുന്ന വ്യക്തിയെന്ന നിലയിലും എറണാകുളത്തെ വൈദികരെയും വിശ്വാസികളെയും മാർപാപ്പയെ അനുസരിക്കാനും സഭയുടെ ഏകീകൃത കുർബാനക്രമം അതിരൂപതയിൽ ഉടൻ നടപ്പിലാക്കാനും ഉപദേശിക്കാൻ അങ്ങേക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ട്.ഭാരതത്തിന്‍റെ ഭരണഘടന ഭാരതീയർക്ക് അനുസരിക്കാൻ കടമയുണ്ടെന്നതുപോലെ
കത്തോലിക്കാസഭയ്ക്ക് മാർപാപ്പയുടെ നിർദേശങ്ങൾ ബാധകമാണെന്ന കാര്യം ദയവായി എറണാകുളം അതിരൂപതയെ അങ്ങ് ബോധ്യപ്പെടുത്തി അനുരഞ്ജനത്തിന്റെ മാർഗത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഉത്തമ ക്രൈസ്തവനെന്ന നിലയിൽ അങ്ങ് ചെയ്യേണ്ടത്.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.