തൂവാനത്തുമ്പികൾ എന്ന ചിത്രത്തില്‍ മോഹൻലാല്‍ സംസാരിക്കുന്ന ഭാഷ ബോറാണെന്ന് സംവിധായകൻ രഞ്ജിത്തിന്റെ പരമാര്‍ശത്തിന് മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ.
തൂവാനത്തുമ്പികൾ എന്ന ചിത്രത്തില്‍ സംസാരിക്കുന്നത് പോലെയല്ല യഥാര്‍ത്ഥത്തില്‍ തൃശൂര്‍ ഭാഷയെന്നും സിനിമയില്‍ മോഹൻലാല്‍ സംസാരിക്കുന്നത് വളരെ ബോറായിരുന്നെന്നുമാണ് രഞ്ജിത് പറഞ്ഞത്.
ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രഞ്ജിത്തിന്റെ പരമാര്‍ശം. ചിത്രത്തില്‍ തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് മറുപടിയുമായി അനന്തപത്മനാഭൻ രംഗത്തെത്തിയത്.
അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ്-
'നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുകളിലെ ലാലിന്റെ തൃശ്ശൂര്‍ ഭാഷ ബോറാണ് " എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമര്‍ശിച്ചത്. ആ സ്ലാംഗില്‍ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്.
സാക്ഷാല്‍ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂര്‍ ബെല്‍റ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ "പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് "തന്നെയാണ്.
അതിനൊരു കാരണമുണ്ട്. മുൻപ് "അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാര്‍ക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. മൂപ്പനും,സുലൈമാനും, ഒക്കെ പറയുന്ന ഏറനാടൻ മൊഴി പലര്‍ക്കും പിടി കിട്ടിയില്ല.
നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട "ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തില്‍ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
" തൂവാനത്തുമ്പികള്‍ "വന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മൊഴി ആളുകള്‍ക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞ് തന്നെയാണ് ഇത് ചെയ്തത്. തിരക്കഥയുടെ ആദ്യ കേള്‍വിക്കാരി, തൃശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ" ഇങ്ങനൊന്നുമല്ല പറയ്യാ "എന്ന് പറഞ്ഞപ്പോള്‍ , "നിങ്ങളതില്‍ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .
2012 ലെ പത്മരാജൻ പുരസ്കാരം "ഇന്ത്യൻ റുപ്പീ"ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ചിയേട്ടൻ പ്രസംഗിച്ച വാക്കുകള്‍ മനസില്‍ മുഴങ്ങുന്നു. "
പുതിയ തലമുറ ഒരു തീര്‍ത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടില്‍ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ "കല്ലില്‍ കൊത്തി വെച്ച പോലെ ആ വാക്കുകള്‍ മനസിലുണ്ട്'. അനന്തപത്മനാഭൻ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.