തേഞ്ഞിപ്പലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലേക്ക്. കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരേ കെട്ടിയിരുന്ന ബാനര്‍ അഴിപ്പിക്കാൻ ഇന്നലെ രാത്രി ഗവര്‍ണര്‍ നേരിട്ടിറങ്ങി.
മലപ്പുറം ജില്ലാ പോലീസ് 'മേധാവിയെക്കൊണ്ടു ബാനര്‍ അഴിച്ചുമാറ്റിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു മിനിറ്റുകള്‍ക്കകം ഗവര്‍ണര്‍ക്കെതിരേ കാമ്പസില്‍ കറുത്ത നിറത്തിലുള്ള പുതിയ ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐയും പ്രതിഷേധം ശക്തമാക്കി. ഇതോടെ ഇന്നു നടക്കുന്ന സെമിനാറില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഗസ്റ്റ്ഹൗസിലെത്തിയ വൈസ്ചാൻസലറോട് രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ നടത്തിയത്. ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കടുത്ത വാക്കുകളാണ് പ്രയോഗിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ഗവര്‍ണര്‍ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍നിന്നു കോഴിക്കോട്ടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചക്കു 1.30ന് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തേയെത്തി. തുടര്‍ന്നാണ് തനിക്കെതിരേ കാമ്പസില്‍ സ്ഥാപിച്ച ബാനര്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടത്.
വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് അദ്ദേഹം രാജ്ഭവനിലേക്കു നിര്‍ദേശവും നല്കി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഗവണര്‍ രാത്രിയോടെ നേരിട്ടിറങ്ങിയത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മലപ്പുറം എസ്പി എസ്. ശശിധരൻ എസ്എഫ്ഐ സ്ഥാപിച്ച കറുത്ത ബാനറുകള്‍ എടുത്തുമാറ്റി. തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. രാത്രി വൈകിയും കാമ്പസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് സനാതന ധര്‍മപീഠത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല കാമ്പസിലെ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സെമിനാറാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നത്. സെമിനാറിലേക്കു 300 പേര്‍ക്കു മാത്രമാണ് പ്രവേശനാനുമതി. സെമിനാറില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സംബന്ധിക്കുമോയെന്നതില് വ്യക്തതയില്ല.
ഇന്ന് ശക്തമായി പ്രതിഷേധിക്കുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഇന്നലത്തെ പരിപാടി സ്വകാര്യ ചടങ്ങായതിനാല്‍ പ്രതിഷേധമില്ലെന്ന് എസ്എഫ്ഐ അറിയിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെ വിന്യസിക്കാനാണ് നീക്കം.
ഗവര്‍ണര്‍ക്കെതിരേ പോസ്റ്റര്‍ സ്ഥാപിച്ചത് പോലീസെന്ന് രാജ്ഭവൻ
കാലിക്കട്ട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ പോസ്റ്റര്‍ സ്ഥാപിച്ചത് പോലീസാണെന്ന് രാജ്ഭവൻ. അപകീര് ത്തികരമായ പോസ്റ്റര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി നടത്തുന്നത് ബോധപൂര്‍വമായ നീക്കമാണെന്നും രാജ്ഭവന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
വിവരദോഷത്തിന് അതിരുവേണം: മുഖ്യമന്ത്രി
പത്തനംതിട്ട: വിവരദോഷത്തിന് അതിരുവേണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ ഒരാളെ കയറൂരി വിടരുത്. ഗവര്‍ണറുടെ "ബ്ലഡി കണ്ണൂര്‍' പരാമര്‍ശത്തില്‍ നവകേരള സദസിന്റെ ഭാഗമായുള്ള സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പരമാവധി പ്രകോപനമുണ്ടാക്കാൻ ബോധപൂര്‍വമായ നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് പത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ""കരിങ്കൊടി കാട്ടുന്നവരെ ശാരീരികമായി നേരിടാൻ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ കഴിയും?
ഞങ്ങളെയും പലയിടത്തും കരിങ്കൊടി കാട്ടിയിട്ടുണ്ട്. അവരാരെയും ഗുണ്ടകള്‍ എന്നു ഞങ്ങള്‍ വിളിച്ചിട്ടില്ല. ഞങ്ങളാരും കരിങ്കൊടി കണ്ട് വാഹനത്തില്‍ നിന്നിറങ്ങി പ്രതിഷേധിക്കുകയോ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അവര്‍ക്കു നേരേയും കൈ വീശിയാണ് ഞങ്ങളുടെ യാത്ര''.- മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.