മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. 300 സിനിമകള്‍ പിന്നിട്ട മുകേഷ് നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്.ഓണ്‍ സ്ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്ക്രീനിലും ജനപ്രീയനാണ് മുകേഷ്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ അദ്ദേഹം ഓണ്‍ സ്ക്രീനില്‍ സമ്മാനിച്ചിട്ടുണ്ട്.
അഭിനയിച്ച് കയ്യടി നേടുന്നത് പോലെ തന്നെ തന്റെ രസകരമായ കഥകളിലൂടേയും തമാശ പറഞ്ഞുമൊക്കേയും മുകേഷ് കയ്യടി നേടിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെ സിനിമാ ജീവിതത്തിലേയും മറ്റും രസകരമായ പല കഥകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് മുകേഷ് മനസ് തുറക്കുകയാണ്.
'മാന്യന്മാര് എന്ന സിനിമയില്‍ ഞാനും ശ്രീനിവാസനുമായിരുന്നു അഭിനയിച്ചത്. രമ്യ കൃഷ്ണയാണ് എന്റെ നായിക. അന്ന് അവര്‍ യുവനടിയാണ്. മെരിലാന്റ് സ്റ്റുഡിയോയാണ് പ്രധാന ലൊക്കേഷന്‍. ഒരുപാട് ഫൈറ്റ് രംഗങ്ങളുണ്ട്. പുതിയൊരു വില്ലന്‍ വന്നിട്ടുണ്ട്.
മലയാളി നടനാണ്. വേറെ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. സൂക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഇതുവരേയും കണ്ടിട്ടില്ലാത്തൊരു കത്തിയുമായാണ് അദ്ദേഹം വരുന്നത്. എന്തോ പ്രൊഫഷണല്‍ കത്തിയാണ്. സൂക്ഷിക്കണം എന്ന് ഞാന്‍ മാസ്റ്ററോട് പറഞ്ഞു. പേടിക്കണ്ട റിഹേഴ്സല്‍ കൊടുത്തിട്ടുണ്ടെന്ന് മാസ്റ്റര്‍ പറഞ്ഞു'' മുകേഷ് പറയുന്നു.
ശ്രീനിവാസനുമായുള്ള ഫൈറ്റ് നടക്കുകയാണ്. ഷൂട്ടിനിടെ ശ്രീനിവാസന്റെ തലയില്‍ കത്തി കൊണ്ട് മുറിഞ്ഞു. നല്ല ചോര വന്നു. ഞാന്‍ ഒന്ന് കിടുങ്ങി. ശ്രീനിവാസന് പിന്നെ എന്ത് വന്നാലും ഏയ് കുഴപ്പമില്ല എന്നേ പറയൂ. വലിയ കുഴപ്പമില്ലായിരുന്നു. അകത്തു കൊണ്ടു പോയി മരുന്ന് വച്ചു.
പക്ഷെ ആ പുതിയ നടന് അത്ര വലിയ റിയാക്ഷനുമൊന്നുമില്ല. സാധാരണ ഗതിയില്‍ നമ്മളുടെ ഭാഗത്തു നിന്നുമൊരു അബദ്ധം പറ്റിയാല്‍ സോറി പറയുകയും ശ്രുശ്രൂഷിക്കുന്നിടത്ത് ചെല്ലുകയൊക്കെ ചെയ്യും. പക്ഷെ ഇയാള്‍ വേറൊരു കസേരയിട്ട് ഇരിക്കുകയാണ്. എനിക്കത് അത്ര സുഖിച്ചില്ലെന്നും മുകേഷ് പറയുന്നു.
രണ്ടാമത്തെ ദിവസം ഞാനുമായുള്ള ഫൈറ്റ് രംഗമാണ് ചിത്രീകരിച്ചത്. ഇന്നലെ നടന്ന സംഭവം അറിയാമല്ലോ, സൂക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞു. അത് ഒരു മിസ്റ്റേക്ക് പറ്റിയതാണെന്നായിരുന്നു പുതിയ നടന്റെ പ്രതികരണം.
തുടക്കത്തില്‍ തന്നെ അയാള്‍ എന്നെ കുത്തുന്നതും ഞാന്‍ കയറി പിടിക്കുന്നതുമാണ്. അയാള്‍ ഒരു ഗ്ലൗസ് ഒക്കെ ഇട്ടിരിക്കുന്നു. ഫൈറ്റ് എടുക്കുമ്പോള്‍ ഞാന്‍ കയ്യില്‍ പിടിച്ചെങ്കിലും ഗ്ലൗസിലാണ് പിടി കിട്ടിയത്. കൈ സ്ലിപ്പായി. കത്ത് നേരെ വന്ന് തലയ്ക്ക് കൊണ്ടുവെന്നാണ് മുകേഷ് പറയുന്നത്.
''ജീവന് പോയ വേദനയായിരുന്നു. ചോര വന്നു. എല്ലാവരും ഓടി വന്നു. ശ്രീനിവാസന് നീ സൂക്ഷിക്കണ്ടേ എന്ന് എന്നെ വഴക്ക് പറഞ്ഞു. അന്ന് തന്നെ ഷൂട്ട് തീര്‍ക്കണം. ഫൈറ്റ് മാസ്റ്റര്‍ വന്ന് രക്തം നില്ക്കാന് വേണ്ടി ഒരു സാധനം കൊണ്ടു വന്ന് തലയില്‍ ഒഴിച്ചു.
വര്‍ഷങ്ങളായി ചെയ്യുന്നതാണെന്നും പറഞ്ഞു. രക്തം ഒഴുകുന്നത് നിന്നു. പക്ഷെ വേദനയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ പോകാന്‍ ഇറങ്ങി.''
''ഈ സമയത്തായിരുന്നു എനിക്ക് ദേഷ്യം വന്ന ആ കാഴ്ച. നമ്മുടെ പുതിയ നടന് കസേരയില്‍ ഇരിക്കുകയാണ്. രക്തമൊക്കെ വന്നിട്ടും അയാള്‍ എന്നെ തിരിഞ്ഞു നോക്കിയിരുന്നില്ല. ഞാന്‍ അയാളുടെ അടുത്ത് ചെന്നു.
ഇന്നലെ നിങ്ങള്‍ ശ്രീനിവാസന്റെ തലമുറിച്ചു, ഇന്ന് നിങ്ങള്‍ എന്റെ തലയില്‍ കത്തി കുത്തിയിറക്കി. നിങ്ങള്‍ പുതിയ നടനാണ്, ഇങ്ങനൊരു അബദ്ധം പറ്റിയിട്ട് നിങ്ങള്‍ തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന്. ഉടനെ അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു'' മുകേഷ് പറയുന്നു.
നിങ്ങള്‍ അത് ശ്രദ്ധിക്കരുതേ എന്ന് കരുതിയിരിക്കുകയായിരുന്നു. എനിക്ക് ലോകത്ത് വേറെ ആര്‍ക്കും ഇല്ലാത്തൊരു പ്രശ്നമുണ്ട്. എനിക്ക് രക്തം കണ്ടാല്‍ ചിരി വരും എന്നായിരുന്നു ആ നടന്റെ മറുപടി.
വേദനയില്‍ നില്ക്കുമ്പോള് ഞാന്‍ ചിരിക്കുകയും കൂടെ ചെയ്താല്‍ നിങ്ങള്‍ എന്നെ അടിക്കില്ലേ അതുകൊണ്ട് മാറി നില്‍ക്കുകയാണെന്നും അയാള്‍ പറഞ്ഞു. വളരെ വിചിത്രമായൊരു സ്വഭാവം എന്ന് പറഞ്ഞ് ഞാന്‍ കാറില്‍ കയറി പോന്നുവെന്നാണ് മുകേഷ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.