കൊച്ചി: ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്ന് വിജയമായി പൂര്‍ത്തിയായത്. മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വന്റെ ഹൃദയം ഹരിനാരയാണനും മറ്റ് അവയവങ്ങള്‍ മറ്റ് അഞ്ച് പേര്‍ക്കുമായി ദാനം ചെയ്യുകയായിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് സെല്‍വന്‍ ശേഖറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നഴ്‌സ് കൂടിയായ ഭാര്യ അനുവാദം നല്‍കുകയായിരുന്നു. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ ആര്‍ക്കൊക്കെയാണ് അവയവം വേണ്ടതെന്നുള്ള തീരുമാനം വേഗത്തില്‍ എത്തി.
ഹൃദയമടക്കമുള്ള അവയവങ്ങളുമായി കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് മിനിറ്റുകള്‍ കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തി. രണ്ടര മിനിറ്റുകൊണ്ട് ആറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഹൃദയവുമായി ആംബുലന്‍സ് ലിസി ആശുപത്രിയിലുമെത്തി. വാഹന ഗതാഗതം നിയന്ത്രിച്ച് പൊലീസ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ച ഹൃദയം ലിസി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുകയായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കി കാത്തു നിന്നു.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഹരിനാരായണന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഹാര്‍ട്ട് ലംഗ് മെഷീനിലേക്ക് മാറ്റിയിരുന്നു. ഒപ്പം വെന്റിലേറ്ററിന്റെ സഹായവും ഉണ്ടായിരുന്നു. പരാജയപ്പെട്ട ഹൃദയം രോഗിയില്‍ നിന്ന് മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പിന്നെ നടന്നത്. മഹാധമനി ഉള്‍പ്പെടെ ഒന്നിനും ക്ഷതം സംഭവിക്കാതെ നടത്തുന്ന വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് ഇത്. അതിന് ശേഷം ദാതാവിന്റെ ഹൃദയം വച്ചു പിടിപ്പിക്കുകയായിരുന്നു.
സെല്‍വന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തില്‍ തുടിച്ചു തുടങ്ങി. നാലര മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമാണെന്നും ഹരിനാരായണനില്‍ ഹൃദയം മിടിച്ചു തുടങ്ങിയെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സങ്കീര്‍ണതകളുണ്ടായില്ലെങ്കില്‍ മൂന്നാഴ്ചയ്ക്ക് ശേഷം ഹരിനാരായണനെ ഡിസ്ചാര്‍ജ് ചെയ്യും.
ഹൃദയം നൽകിയ സെൽവിന്റെ കുടംബത്തിനും സർക്കാറിനും പൊലീസിനും അടക്കം ഹരിനാരായണന്റെ അമ്മ നന്ദി പറഞ്ഞു. മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖർ (36) ജീവനേകുന്നത് ആറുപേർക്കാണ്. ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കണ്ണുകൾ എന്നീ അവയവങ്ങളാണ് ദാനം നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.