ഈരാറ്റുപേട്ട : മാലിന്യ മുക്ത നഗരമാകുന്നതിന് സ്വന്തം സന്ദേശം പ്ലക്കാർഡിൽ പ്രദർശിപ്പിച്ച് ശിശു ദിനമായ നാളെ 400 വിദ്യാർത്ഥികൾ ഈരാറ്റുപേട്ട നഗരത്തിൽ റാലിയായി എത്തും. ശുചിത്വ സന്ദേശ വിളംബര റാലിയായി ഈരാറ്റുപേട്ടയിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രതിനിധീകരിച്ചാണ് 400 അംഗ വിദ്യാർത്ഥി സംഘം എത്തുന്നത്.
റാലിക്ക് ശേഷം കേരള നിയമസഭ മാതൃകയിൽ വിദ്യാർത്ഥികളുടെ ഹരിത സഭ ചേരും. ഹരിത സഭയിൽ നഗരസഭ ജനപ്രതിനിധികളുമായി വിദ്യാർത്ഥികൾ സംവാദം നടത്തും. നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കും. നാളെ രാവിലെ പത്തിന് ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടക്കുക.ഇതിന് മുമ്പ് നടക്കുന്ന റാലി മുട്ടം ജങ്ഷൻ ചുറ്റി ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഹരിത സഭ ഉദ്ഘാടനം ചെയ്യും. സംസ്ഥാനമൊട്ടാകെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭയുടെ ഭാഗമായാണ് പരിപാടി.
മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലും യുവജനതയിലും ബോധവൽക്കരണം നടത്തുന്നതിനായാണ് ഹരിത സഭ സംഘടിപ്പിക്കുന്നത്. ഹരിത സഭയിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങളും ജനപ്രതിനിധികൾ നൽകുന്ന മറുപടിയും ഉൾപ്പടെ വിദ്യാർത്ഥികൾ തന്നെ മിനിട്സ് ആക്കി റിപ്പോർട്ട് തയ്യാറാക്കി നഗരസഭ ഭരണസമിതിക്ക് കൈമാറും.
തുടർന്ന് ഈ റിപ്പോർട്ട് പ്രധാന അജണ്ടയാക്കി പിന്നീട് നഗരസഭ കൗൺസിൽ യോഗം ചേരുകയും ഈ യോഗത്തിൽ ഓരോ സ്കൂളിലെയും രണ്ട് വിദ്യാർത്ഥികളെ വീതം പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കുകയും തീരുമാനം കൈക്കൊള്ളൂകയും ചെയ്യുമെന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു.ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യമായാകാം നിയമസഭ മാതൃകയിൽ കുട്ടികളുടെ ഹരിത സഭ ഈരാറ്റുപേട്ടയിൽ നടക്കുക. കുട്ടികൾക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നതും ആദ്യമായാണ്. മുന്നൊരുക്ക ഭാഗമായി ഇന്ന് നഗരസഭ കൗൺസിൽ ഹാളിൽ ജനപ്രതിനിധികളും അദ്ധ്യാപകരും ഹെൽത്ത് വിഭാഗം ജീവനക്കാരും യോഗം ചേർന്നിരുന്നു.
മുഴുവൻ വിദ്യാലയങ്ങളിലും ഇക്കഴിഞ്ഞ പത്തിന് വെള്ളിയാഴ്ച നഗരസഭ ജനപ്രതിനിധികൾ നേരിട്ട് എത്തി കുട്ടികൾക്ക് അവബോധന ക്ലാസ് നൽകിയിരുന്നു. മുസ്ലിം ഗേൾസ് എച്ച്എസ്എസി ൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറും ഹൈസ്കൂളിൽ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസും കുറ്റിപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഷെഫ്ന അമീനും കാരയ്ക്കാട് ഹൈസ്കൂളിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റിസ്വാന സവാദും അൽമനാർ പബ്ലിക് സ്കൂളിലും സെന്റ് മേരീസ് എൽപി സ്കൂളിലും
കൗൺസിലർ അനസ് പാറയിലും ഹയാത്തുദീൻ ഹൈസ്കൂളിലും ഗവ. മുസ്ലിം എൽ പി സ്കൂളിലും കൗൺസിലർ നാസർ വെള്ളൂപ്പറമ്പിലും അൽഫോൻസാ ഹൈസ്‌കൂളിൽ കൗൺസിലർ ഡോ. സഹല ഫിർദൗസും പിഎംഎസ്എ എൽ പി സ്കൂളിൽ കൗൺസിലർ സുനിത ഇസ്മായിലും തന്മയ യുപി സ്കൂളിൽ കൗൺസിലർ നൗഫിയ ഇസ്മായിലും സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജനും ഹൈസ്കൂളിൽ കൗൺസിലർ അൻസൽന പരീക്കുട്ടിയും ക്ലാസുകൾ നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.