കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക്ക് ആലത്തിന് എറണാകുളം പോക്സോ കോടതി ചൊവ്വാഴ്ച രാവിലെ ശിക്ഷ വിധിക്കും. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ വാദമുന്നയിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ് വാദിച്ചു. പ്രായം പരിഗണിക്കണമെന്നും മാനസാന്തരത്തിന് അവസരം നൽകണമെന്നും പ്രതിഭാഗം വാദമുന്നയിച്ചു. പ്രതിയുടെ മനോനില, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ കോടതി നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.
ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്ഫാക് ആലം ശീതളപാനീയം വാങ്ങിനൽകാമെന്നുപറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി മദ്യം ചേർത്ത പാനീയം നൽകിയെന്നും തുടർന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്.
പ്രതിക്ക് മലയാളം അറിയാമായിരുന്നിട്ടും അറിയില്ലെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായി ജില്ലാ പ്രൊബേഷണറി ഓഫീസറും ജയിലറും കോടതിയിൽ വ്യക്തമാക്കിയിരുന്നു. കോടതി പ്രതിക്ക് പരിഭാഷകയുടെ സഹായം ഏർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.