ജറുസലെം: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാദേശിക സമയം ഇന്നു രാവിലെ പത്തിനു നിലവില്‍ വരും. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേല്‍ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കുന്നത് ഇന്നാരംഭിക്കും.
നാലു ദിവസത്തേക്കാണു വെടിനിര്‍ത്തലിനു ധാരണയായിട്ടുള്ളത്. ഹമാസ് തടങ്കലിലാക്കിയ 50 പേരെയും ഇസ്രയേല്‍ ജയിലുകളിലുള്ള 150 പേരെയുമാണു മോചിപ്പിക്കുക.വെടിനിര്‍ത്തലിനെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള സുപ്രധാന നടപടി എന്നാണ് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.
ദീര്‍ഘകാല വെടിനിര്‍ത്തല്‍ വേണമെന്നു ലോകനേതാക്കള്‍ ആവശ്യപ്പെട്ടു. ലബനനിലെ ഹിസ്ബുള്ള തീവ്രവാദികളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ ചര്‍ച്ച നടത്തിയിരുന്നില്ല.
ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഇസ്രയേല്‍-ഹമാസ് താത്കാലിക വെടിനിര്‍ത്തലും ബന്ദിമോചനത്തിനുള്ള നടപടികളും സാധ്യമായത്. ഈജിപ്റ്റും മധ്യസ്ഥതയ്ക്കു സഹകരിച്ചു.
ഇസ്രയേല്‍-ഹമാസ് ധാരണയുടെ ഭാഗമായി നാലു ദിവസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായും 200 ലോറികള്‍ ഈജിപ്ത്തിലെ റാഫ ക്രോസിംഗിലൂടെ ഗാസയിലേക്ക് അനുവദിക്കും. നാലു വീതം ഇന്ധന, പാചകവാതക ലോറികളും അനുവദിക്കും. ഇസ്രേലി സേനയെയും ടാങ്കുകളെയും അതിര്‍ത്തിയിലേക്കു മാറ്റും.
രണ്ടാം ഘട്ടത്തില്‍ 50 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിക്കുകയാണെങ്കില്‍ 150 പലസ്തീൻ തടവുകാരെക്കൂടി ഇസ്രയേല്‍ വിട്ടയയ്ക്കും. 300 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേല്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ 274 പേരും പുരുഷന്മാരാണ്.
വധശ്രമം, കല്ലേറ്, ബോംബേറ്, സ്ഫോടകവസ്തു നിര്‍മാണം, ഭീകരസംഘടനകളുമായുള്ള ബന്ധം, തീവയ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായവരാണ് ഇവര്‍. കൊലക്കുറ്റത്തിനു പ്രതിയായവരെ വിട്ടയയ്ക്കില്ല. ഇസ്രയേല്‍ ജയിലുകളിലുള്ളത് 7,000 പലസ്തീനികളാണ്.
വെടിനിര്‍ത്തല്‍ ധാരണ പൂര്‍ത്തിയാക്കാൻ ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാര്‍നിയ ഇന്നലെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. മുതിര്‍ന്ന അമേരിക്കൻ പ്രതിനിധികളും ഖത്തറിലുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ ആക്രമണം നടത്തിയതിന്റെ 48-ാം ദിവസമാണ് താത്കാലികമായെങ്കിലും വെടിനിര്‍ത്തലുണ്ടാകുന്നത്. ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ 1200 ഇസ്രേലികളാണു കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ട് നടത്തിയ കര, വ്യോമ ആക്രമണത്തില്‍ 14,000 പേര് കൊല്ലപ്പെട്ടു. താത്കാലിക വെടിനിര്‍ത്തലാണു നടപ്പാക്കുന്നതെന്നും ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.