തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും നടത്തിയ ആസൂത്രിത കലാപത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാതെ പൊലീസും ജയില്‍വകുപ്പും.
നവംബര്‍ അഞ്ചിനാണ് വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ അതി സുരക്ഷ ബ്ലോക്കില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തെ കാട്ടുണ്ണി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഡീഷനല്‍ പ്രിസണ്‍ ഓഫിസര്‍ അടക്കം മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും
ഗാര്‍ഡ് ഓഫിസിലെ മേശ, കസേര, ജയില്‍വളപ്പിലെ ടെലിഫോണ്‍ ബൂത്ത് തുടങ്ങിയവ തകരുകയും ചെയ്തത്. സംഭവത്തില്‍ ജയിലധികൃതര്‍ വിയ്യൂര്‍ പൊലീസിന് നല്കിയ പരാതിയില്‍ കൊടി സുനിയടക്കം 10 പേരെ പ്രതി ചേര്‍ത്ത് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
എന്നാല്‍, കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ ജയില്‍ വകുപ്പ് കേസ് അവസാനിപ്പിച്ച നിലയിലാണ്.
മധ്യമേഖല ഡി.ഐ.ജിയുടെ കീഴിലുള്ള വിയ്യൂരില്‍നിന്ന് ഉത്തര മേഖല ഡി.ഐ.ജിയുടെ കീഴിലുള്ള തവനൂരിലേക്ക് കൊടി സുനിയെ കഴിഞ്ഞ ദിവസം മാറ്റി. സുനി ആവശ്യപ്പെട്ട കണ്ണൂരിലേക്കുള്ള മാറ്റം നടപ്പാക്കാൻ ഇനി പ്രയാസമില്ല.
അതി സുരക്ഷ ബ്ലോക്കിന്റെ ഇന്നര്‍ സര്‍ക്കിളില്‍നിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാര്‍ പുറത്തിറങ്ങണമെങ്കില്‍ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫിസ് റൂമിലേക്ക് രഞ്ജിത്ത് ഉള്‍പ്പെടെയുള്ള തടവുകാരെത്തിയിരുന്നു.
ഉദ്യോഗസ്ഥരില്‍ ചിലരുടെ സഹായമില്ലാതെ ഇതിന് കഴിയില്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ഇക്കാര്യങ്ങള്‍ സി.സി.ടി.വിയില്‍ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖല ഡി.ഐ.ജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയില്‍ മാറ്റിക്കൊടുത്തെന്നാണ് ആക്ഷേപം. ജയിലില്‍ കലാപം നടക്കുമ്പോള്‍ സുനിയെ സഹായിച്ച ജീവനക്കാരില്‍ ചിലര്‍ കാഴ്ചക്കാരായി നിന്നെന്നും ആക്ഷേപമുണ്ട്.
ജയിലിനകത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തെങ്കിലും പ്രാഥമിക തെളിവെടുപ്പിലേക്കോ മൊഴിയെടുക്കലിലേക്കോ പൊലീസും കടന്നിട്ടില്ല.
ജയിലില്‍ മര്‍ദനമേറ്റെന്ന പരാതിയില്‍ ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. ജയിലിലെ സംഘര്‍ഷത്തില്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണം. അനുമതി നേടാനുള്ള വഴികള്‍ പൊലീസ് തേടിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.