പുലാപ്പറ്റ : നിറചിരിയുമായി ശ്രീസയന ഇനി സ്കൂളിലേക്കില്ല. അടുത്തിരുന്ന് പഴങ്കഥകൾ പറഞ്ഞും ചിരിച്ചും ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് കണ്ണീരോടെ വിട നൽകി വിദ്യാർഥികളും നാട്ടുകാരും.
വിനോദയാത്രക്കിടയിൽ കുഴഞ്ഞുവീണു മരിച്ച പത്താം ക്ലാസ് വിദ്യാർഥിനി ശ്രീസയനയുടെ മൃതദേഹം ബുധനാഴ്ച രാവിലെ 10.30-ന് പുലാപ്പറ്റ എം.എൻ.കെ.എം. ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ പൊതുപ്രവർത്തകർക്കും സഹപാഠികൾക്കും പുറമേ വൻ ജനാവലിയും അന്തിമോപചാരമർപ്പിച്ചു.ഇനിയൊരിക്കലും ശ്രീസയന സ്കൂളിലേക്ക് എത്തില്ലെന്ന ചിന്ത സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി. വേദന താങ്ങാനാവാതെ പലരും വിതുമ്പി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ്, സ്കൗട്ട് വിദ്യാർഥികളും ആദരമർപ്പിച്ചു. തുടർന്ന് 12 മണിയോടെ ഐവർമഠം ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.
മൈസൂരുവിലേക്ക് വിനോദയാത്ര പോയ പുലാപ്പറ്റ എം.എൻ.കെ.എം. ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ശ്രീസയന കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സ്കൂളിൽനിന്ന് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പുറപ്പെട്ടത്.
തിങ്കളാഴ്ച രാത്രി മൈസൂരു കൊട്ടാരവും മറ്റും സന്ദർശിച്ചശേഷം വൃന്ദാവൻ ഗാർഡനിൽനിന്ന് മടങ്ങുന്നതിനിടെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി.
ഉടനെ സമീപത്തെ ആശുപത്രിയിലും തുടർന്ന്, മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലാപ്പറ്റ മുണ്ടൊളി ഷാരത്തുപറമ്പിൽ ശശികുമാറിന്റെ മകളാണ് ശ്രീസയന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.