പെരുമ്പാവൂർ: വല്ലം-മുടിക്കൽ ഇരുമ്പുപാലത്തിനുസമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.
സംഭവത്തിൽ അസം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്‌സിദുൽ ഇസ്‌ലാം (31), അസം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അസമിൽനിന്നും പിടികൂടി.
ഇവരുടെ പത്തുദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.ഒക്ടോബർ എട്ടിന് വൈകീട്ട് ആറുമണിയോടെ വല്ലം- മുടിക്കൽ റോഡിൽ പെരിയാറിനുസമീപമുളള ഇരുമ്പുപാലത്തിനടുത്ത് പുഴയോടുചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
തുണിയിൽ പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് റൂറൽ എസ്.പി. വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
അതിഥിത്തൊഴിലാളികൾ ജോലിചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരിയായ അസം സ്വദേശിനി ദിവസങ്ങൾക്കുമുൻപ് കുഞ്ഞ് ജനിച്ചതായി പോലീസിന് വിവരം ലഭിച്ചു.
തുടർന്നുനടന്ന അന്വേഷണത്തിൽ സ്ത്രീയേയും ഇവർക്കൊപ്പം താമസിച്ചിരുന്ന പുരുഷനേയും കാണാനില്ലെന്ന വിവരം മനസ്സിലാക്കിയ പോലീസ് അസമിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
താമസസ്ഥലത്തുനിന്ന് ലഭിച്ച ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇവർ കേരളം വിട്ടതായി സൂചന ലഭിച്ചത്. കേരളത്തിന്റെ അതിർത്തിക്കപ്പുറം ഫോൺ സ്വിച്ച്‌ഓഫ് ആയിരുന്നു.
പിന്നീട് അസമിലെത്തിയപ്പോൾ ഇടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ചെയ്തതോടെ ഇവർ അസമിലെത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെച്ചൊല്ലി നേരത്തേതന്നെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നതായി അടുത്ത് താമസിച്ചിരുന്നവർ പോലീസിന് വിവരം നൽകി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തുണിയിൽ പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിലെത്തിയാണ് പാലത്തിനുസമീപം ഉപേക്ഷിച്ചത്.
സംഭവദിവസംതന്നെ ഇരുവരും അസമിലേക്ക് കടന്നുകളഞ്ഞു. ഇരുവരും ആദ്യവിവാഹം വേർപെടുത്തി കേരളത്തിൽവന്ന് ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
പ്രസവപരിചരണത്തിന് ആശുപത്രിയിൽ പോയില്ല. ഇവർ സഞ്ചരിച്ചുവെന്ന് പറയുന്ന ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ. ജോസി എം. ജോൺസൻ, എ.എസ്.ഐ.മാരായ എൻ.കെ. ബിജു,
എൻ.ഡി. ആന്റോ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ. അബ്ദുൾ മനാഫ്, ജിഞ്ചു കെ. മത്തായി, പി. നോബിൾ, ശാന്തി കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.