തിരുവനന്തപുരം: പാഴ്ചെലവ് ഉള്‍പ്പടെ പല കാര്യങ്ങളില്‍ സ്വന്തം പോര്‍മുഖം തുറന്ന് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നതിനിടെ, മുമ്പെങ്ങുമില്ലാത്ത വിധം രാജ്ഭവന്റെ ചെലവ് വര്‍ധിക്കുന്നു.
അതിഥി സല്‍ക്കാരം, വിനോദയാത്ര ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രാജ്ഭവന് അനുവദിക്കുന്ന തുകയില്‍ വന്‍വര്‍ധന ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍.മുമ്പത്തെ ഗവര്ണര്മാര്ക്കൊന്നും ഇല്ലാത്ത വിധം അതിഥി സല്‍ക്കാര ചെലവ് നിലവിലെ ഗവര്‍ണര്‍ക്ക് കൂടുതലാണ്. ആ ചിലവുള്‍പ്പടെ ആറ് ഇനങ്ങളിലായി 36 മടങ്ങ് വരെ വര്‍ധനവാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
അതിഥി സല്‍ക്കാരം, വിനോദയാത്ര, വിനോദ ചിലവുകള്‍, കോണ്‍ട്രാക്ട് അലവന്‍സ്, ഓഫീസ് ചെലവുകള്‍, ഫര്‍ണിച്ചര്‍ നവീകരണ ചെലവ് തുടങ്ങിയവയിലാണ് രാജ്ഭവന് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. 1987 ലെ ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് അനുസരിച്ചാണ് ഗവര്‍ണര്‍മാരുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ഇക്കാര്യങ്ങള്‍ക്കെല്ലാം കൂടി പരമാവധി സംസ്ഥാന സര്‍ക്കാരിന് 32 ലക്ഷം രൂപവരെ അനുവദിക്കാം. എന്നാല്‍ വര്‍ഷം 2.60 കോടി രൂപ ഇതിനായി അനുവദിക്കണമെന്നാണ് രാജ്ഭവന് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
മുമ്പിരുന്ന ഗവര്‍ണര്‍മാര്‍ മൂലം ഇത്രയധികം ബാധ്യത സംസ്ഥാനത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ആറിനങ്ങളിലായി മൂന്നു കോടി രൂപവരെ മാത്രമാണ് മൊത്തം ചെലവ്.
രാജ്ഭവനിലെ വാര്‍ഷിക ചെലവിലേക്കായി ബജറ്റില്‍ 30 ലക്ഷമാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നിശ്ചയിച്ചതാണ്. എന്നാല്‍, അതുപോര വര്‍ഷം രണ്ടര കോടി രൂപയില്‍ കൂടുതല്‍ വേണമെന്നാണ് രാജ്ഭവന്റെ നിലപാട്.
ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ അധികമായി വരുന്ന തുക അധിക വകയിരുത്തലായോ പുനഃക്രമീകരണം വഴിയോ രാജ്ഭവന് നല്‍കാറുണ്ട്. എന്നാല്‍ അത് എല്ലായ്പ്പോഴും നല്‍കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വട്ടം ചുറ്റലാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വലിയ തുകയ്ക്കുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറി നിയന്ത്രണം നിലനില്‍ക്കുകയാണ്. അതിനിടെയാണ് രാജ്ഭവന് കൂടുതല്‍ തുക ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.