തിരുവനന്തപുരം: കേരളീയത്തിലെ ആദിവാസി പ്രദര്‍ശന വിവാദം തള്ളി മുഖ്യമന്ത്രി. കലാകാരന്മാരെ പ്രദര്‍ശനവസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വലിയ ജനശ്രദ്ധനേടിയ കേരളീയം പരിപാടിയുടെ ശോഭകെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടോടി, ഗോത്ര കലാകാരന്മാര്ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയത്തില്‍ ഒരുക്കിയ 'ആദിമം' എന്ന പരിപാടി. പന്തക്കാളി, കളവും പുള്ളുവന്‍ പാട്ടും, മുടിയേറ്റ്, തെയ്യം, പടയണി എന്നിവയോടൊപ്പം പളിയനൃത്തവും അവതരിപ്പിച്ചിരുന്നു. ഇത് ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ്.
ഫോക്ലോര് അക്കാദമിയാണ് അവസരം ഒരുക്കിയത്. കഥകളി, ഓട്ടന്തുള്ളല്, തിരുവാതിരക്കളി പോലെയുള്ള ഒരു കലാരൂപമാണ് പളിയനൃത്തവും.
ആ കലാരൂപത്തിന്റെ ഭാഗമായി, പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്മാരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ല.
ഗുരുമൂപ്പന്മാരെ സന്ദര്‍ശിച്ച് നിര്‍മാണരീതി നേരിട്ട് മനസ്സിലാക്കിയാണ് കേരളീയത്തിലെ കുടിലുകള്‍ നിര്‍മിച്ചത്. ഈ കുടിലിന്റ മുന്പില് ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റ്?
തങ്ങളുടെ കലാപ്രകടനം ഒരുപാട് പേര് കണ്ടതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യറാക്കിയ പരമ്പാരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചതെന്ന കാര്യവും അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വലിയ ജനശ്രദ്ധനേടിയ കേരളീയം പരിപാടിയുടെ ശോഭകെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികളെ ഷോക്കേസ് ചെയ്തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല.
ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാരാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡില്‍ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിന്റെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ട്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗദ്ദിക എന്ന പരിപാടിയിലൂടെ വിവിധ ആദിവാസി വിഭാഗത്തിന്റെ ജീവിതവും അവരുടെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളും പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു. അതില്‍ അവതരിപ്പിച്ചതില്‍ കൂടുതലൊന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.