പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ആറരലക്ഷം ടിൻ അരവണ നീക്കം ചെയ്യുന്നതിൽ തീരുമാനമായില്ല.
മണ്ഡലകാല പൂജകൾക്കായി നടതുറക്കാൻ ഇനി മൂന്നുദിവസം മാത്രമാണ് ശേഷിക്കുന്നത്. ഗോഡൗണിൽ പഴയ അരവണ നിറഞ്ഞതുകാരണം പുതിയതായി തയ്യാറാക്കിയവ സൂക്ഷിക്കാൻ മറ്റൊരിടം കണ്ടെത്തേണ്ടി വന്നു.വിഷയത്തിൽ ഉടൻ നടപടിയുണ്ടാവുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞത്. സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്.
കേടായ അരവണ ഏറ്റെടുക്കാൻ തയ്യാറായി ഒരു കമ്പനി സമീപിച്ചിട്ടുണ്ട്. അരവണ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരിനും ദേവസ്വം മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
നിലവിൽ മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലാണ് അരവണ സൂക്ഷിച്ചിരിക്കുന്നത്. അരവണയിൽ ചേർത്ത ഏലയ്ക്കയിലെ കീടനാശിനിയുടെ അളവിനെച്ചൊല്ലിയുള്ള നിയമനടപടികളാണ് അരവണ കേടാകുന്നതിലേയ്ക്ക് എത്തിച്ചത്.
6.65 ലക്ഷം ടിൻ കേടായ അരവണയാണ് ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. 6.65 കോടി രൂപയാണ് നഷ്ടം വന്നത്. കേടായ അരവണ നശിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും നടപടിയായില്ല.
വനത്തിൽ കുഴിച്ചിടാൻ വനംവകുപ്പ് അനുവദിക്കില്ല. കേടായ അരവണയുടെ മണം പിടിച്ച് കാട്ടാന ഇറങ്ങുമോയെന്ന് അധികൃതർക്ക് ആശങ്കയുണ്ട്.
മണ്ഡലകാല തീർത്ഥാടനത്തിന് 16ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നിയുക്ത ശബരിമല മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത്മന പി.എൻ. മഹേഷും നിയുക്ത മാളികപ്പുറം മേൽശാന്തി തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട്മന പി.ജി.മുരളിയും അന്ന് വൈകിട്ട് ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തും.
മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങിവന്ന് ഇവരെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. പി.എൻ. മഹേഷിനെ സന്നിധാനം ശ്രീകോവിലിന് മുന്നിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തും.
തുടർന്ന് ശ്രീകോവിലിലേക്ക് കൈപിടിച്ച് കൊണ്ടുപോയി കാതിൽ മൂലമന്ത്രം ഉപദേശിച്ച് മേൽശാന്തിയായി അവരോധിക്കും. മാളികപ്പുറത്തു നടക്കുന്ന ചടങ്ങിൽ മേൽശാന്തിയായി പി.ജി.മുരളിയെയും അവരോധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.