ഈരാറ്റുപേട്ട : 200 ആൺകുട്ടികളും 200 പെൺകുട്ടികളും എംഎൽഎ മാരായപ്പോൾ നഗരസഭയിലെ ജനപ്രതിനിധികൾ മന്ത്രിമാരുടെ റോളിലായി.
ഭരണപക്ഷ, പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി വിദ്യാർത്ഥികൾ നഗരത്തിലെ മാലിന്യ സംസ്കരണ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഉത്തരങ്ങൾക്കൊപ്പം പരിഹാരങ്ങളും പറഞ്ഞു ജനപ്രതിനിധികൾ.ഇന്നലെ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ആണ് നിയമസഭയിലേത് പോലെ സംഘടിപ്പിക്കപ്പെട്ടത്. ഈരാറ്റുപേട്ട നഗരം നേരിടുന്ന മാലിന്യ സംസ്കരണത്തിലെ ജനകീയ പ്രശ്നങ്ങളുടെ ചിത്രങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി വിഷയത്തിന്റെ ഗൗരവം ശ്രദ്ധേയമാക്കുകയും ചെയ്തു വിദ്യാർത്ഥികൾ.
മാലിന്യ മുക്ത നഗരമാകാൻ ഈരാറ്റുപേട്ടയിൽ എന്തൊക്കെ തടസങ്ങൾ ഉണ്ടെന്ന് വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത് റിപ്പോർട്ട് അവതരിപ്പിച്ച് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. നഗരസഭ നടത്തുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അക്കമിട്ട് വിവരിച്ചു ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ മറുപടി നൽകി.എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വരെ ശ്രദ്ധേയമായ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഹരിത സഭ രണ്ടര മണിക്കൂർ നീണ്ടു. മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ പ്രവർത്തിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാർത്ഥികളുടെ പ്രമേയങ്ങൾക്ക് മറുപടിയായി നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പ് നൽകി.
നൂറ് ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കി ഒരു മാസത്തിനകം നഗരത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുമെന്ന് നഗരസഭ ഭരണസമിതി ഉറപ്പ് നൽകി. ഇക്കാര്യത്തിൽ തങ്ങളും ഒറ്റക്കെട്ടാണെന്ന് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങളും വിദ്യാർത്ഥികളെ അറിയിച്ചു.
സ്ഥലത്തില്ലാതിരുന്ന അഞ്ച് പേർ ഒഴികെ 20 കൗൺസിലർമാർ പങ്കെടുക്കാൻ എത്തിയത് അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഹരിതസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും മറുപടികളും വിദ്യാർത്ഥികൾ തന്നെ മിനിട്സ് ആക്കുന്നുണ്ടായിരുന്നു.ഇത് റിപ്പോർട്ട് ആക്കി അടുത്ത ദിവസം നഗരസഭ ഓഫീസിൽ എത്തി വിദ്യാർത്ഥി സംഘം സമർപ്പിക്കും. ഈ റിപ്പോർട്ട് പ്രധാന അജണ്ട ആക്കി സവിശേഷമായ നിലയിൽ നഗരസഭ കൗൺസിൽ യോഗം ചേരുമെന്നും ഈ യോഗത്തിൽ ഓരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ വീതം പ്രത്യേക ക്ഷണിതാക്കൾ ആയി പങ്കെടുപ്പിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
ഈ യോഗത്തിന് ശേഷം എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരുടെ സംഘം എത്തി ശുചിത്വ ക്ലബ്ബുകളുടെ പ്രവർത്തനം ഊർജിതമാക്കാനും എല്ലാ മാസത്തിലും യോഗം ചേരാനും ഹരിത സഭയിൽ തീരുമാനമായി. ഹരിത സഭയ്ക്ക് മുമ്പ് വിദ്യാർത്ഥികൾ തങ്ങളുടെ സന്ദേശം പ്ലക്കാർഡിൽ പ്രദർശിപ്പിച്ച് ശുചിത്വ സന്ദേശ വിളംബര റാലി നടത്തി.
ഹരിതസഭയുടെ ഉദ്ഘാടനം ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ് സ്വാഗത പ്രസംഗം നടത്തി. വിദ്യാർത്ഥി പ്രതിനിധികളായ എബിൻ സിബി, തൻഹ നാസർ എന്നിവർ ഹരിത സഭയുടെ ലക്ഷ്യങ്ങളും സംഘാടന രീതിയും വിവരിച്ചു.
മുസ്ലിം ഗേൾസ് എച്ച് എസ് എസി ലെ ഫാത്തിമ ഷെമീം, മുസ്ലിം ഗേൾസ് എച്ച് എസി ലെ ആമിന അൻസാരി, സെന്റ് അൽഫോൻസാ സ്കൂളിലെ എയ്മീ ആൻ റെജി, പിഎംഎസ്എ പിടിഎം എൽ പി എസി ലെ ഹാജറ സൈന, ഗവ. എച്ച് എസ് എസി ലെ അർച്ചന അനിൽകുമാർ, സെന്റ് മേരീസ് എൽപിഎസി ലെ റന മെഹ്റിൻ, എംഎംഎം യു പി എസിലെ നുസ്‌റ ഫാത്തിമ, ഗവ. മുസ്ലിം എൽപി എസി ലെ പി എസ് ആമിന,
തന്മിയ ഇസ്ലാമിക് സ്കൂളിലെ അസ്മ ഫാത്തിമ, സെന്റ് ജോർജ് എച്ച്എസ്എസി ലെ നെവിൻ ബോബി, സെന്റ് ജോർജ് എച്ച് എസി ലെ ജെസ്വിൻ ജെയിംസ്, അൽ മനാർ സ്കൂളിലെ ആദിൽ ഷെരീഫ്, ഹയാത്തുദീൻ സ്കൂളിലെ മുഹമ്മദ് യാസീൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ശിശുദിന സ്മരണ ഉണർത്തി ചാച്ചാജിയുടെ വേഷത്തിലാണ് സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർത്ഥി ഫിലിപ്പ് സച്ചിൻ എത്തിയത്.
മുസ്ലിം ഗവ എൽ പി സ്കൂൾ വിദ്യാർത്ഥിനി അൽഹന അനസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഷെഫ്ന അമീൻ, റിസ്വാന സവാദ്, പി എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ, കൗൺസിലർമാരായ ഡോ സഹല ഫിർദൗസ്, അൻസൽന പരീക്കുട്ടി, ഷൈമ റസാഖ്, അനസ് പാറയിൽ, പിആർഎഫ് ഫൈസൽ, റിയാസ് പ്ലാമൂട്ടിൽ, സുനിത ഇസ്മായിൽ, എസ് കെ നൗഫൽ, നൗഫിയ ഇസ്മായിൽ,
സജീർ ഇസ്മായിൽ, സുഹാന ജിയാസ്, ഹബീബ് കപ്പിത്താൻ, ലീന ജെയിംസ്, ഫസൽ റഷീദ് എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ ടി രാജൻ സ്പീക്കർ ആയി സഭാ നടപടികൾ നിയന്ത്രിച്ചു. ശുചിത്വ മിഷൻ ആർ പി അബ്ദുൽ മുത്തലിബ്, വൈ പി എസ് ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.