കൊച്ചി: കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മനഃസാക്ഷിയില്ലാതെയാണ് കോടിക്കണക്കിന് രൂപ ചെലവാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലൂടെയാണ് കടന്നുപോകുന്നത്. ഓരോ വകുപ്പിനും കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. സാമൂഹിക സുരക്ഷാപെന്ഷന് മുടങ്ങി. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാന്‍ പോലും പണമില്ലെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
മരുന്നു വാങ്ങിക്കാന്‍ പോലും ഇല്ലാതെ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുന്നു. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൊടുത്തിട്ടില്ല. സപ്ലൈക്കോയില്‍ രണ്ടുമാസമായി ഇ- ടെന്‍ഡറില്‍ വിതരണക്കാര്‍ പങ്കെടുക്കുന്നില്ല. വിതരണക്കാര്‍ക്ക് കൊടുക്കാനുള്ളത് 1,500 കോടിയോളം രൂപയാണ്.
ആറു മാസത്തെ കുടിശ്ശികയാണ്. നെല്ലുസംഭരിച്ചതിന്റെ പണം അഞ്ചുമാസമായി ഇനിയും കൊടുത്തുതീര്‍ക്കാന്‍ ഉണ്ട്. സപ്ലൈക്കോ 3000ത്തിലധികം കോടി രൂപയുടെ ബാധ്യതയിലാണ്. കെഎസ്ഇബിയില്‍ അഴിമതിയാണ്. മൂന്നാമതും വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ പോവുകയാണ്. ഒമ്പതുലക്ഷം പേര് ലൈഫ് മിഷന്റെ ലിസ്റ്റില്‍ വീടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടിരിക്കുകയാണ്. 'നിങ്ങളോടൊപ്പം ഞാനും' എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിനടിയില്‍ കേരളീയത്തിന്റെ പരസ്യത്തിലുള്ളത്. 40 ലധികം സുരക്ഷാവാഹനങ്ങളുടെ അകമ്പടിയില്‍ ആയിരം പൊലീസുകാരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്ന അദ്ദേഹമെങ്ങനെയാണ് നമ്മളോടൊപ്പമാവുന്നത്? പാവങ്ങളോടും സാധാരണക്കാരോടുമൊപ്പമാവുന്നത്? ഫ്ളെക്സില്‍ എഴുതിവെക്കാന്‍ കൊള്ളാം.
വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ ട്രാക്കില്‍ പൊലീസിനെ നിര്‍ത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍. ഭരണകെടുകാര്യസ്ഥത ഏറ്റവും വലിയ മുഖമുദ്രയാക്കിയ സര്‍ക്കാരാണിതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.