കോട്ടയം: സന്തോഷ് മാധവന്റെ പേരിലെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഉത്തരവായി. കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശം വച്ചിരുന്ന 7.1246 ഏക്കര്‍ മിച്ചഭൂമിയാണ് ഏറ്റെടുക്കുന്നത്.
വൈക്കം താലൂക്ക് ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തിലാണ് ഉത്തരവിറക്കിയത്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗങ്ങളായ കെ.കെ ഗണേഷന്, കെ. വിജയന്, പി. ജി. ത്രിഗുണസെന്, വൈക്കം തഹസില്‍ദാര്‍ ഇ.എം റെജി, എം.ഡി. ബാബുരാജ്, ഹെഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ടി.വി. ഷമി, ഓതറൈസ്ഡ് ഓഫീസര്‍ കെ.ജി. അജിത്കുമാര്‍, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ദാനിയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളിലെ മലയാളി സാന്നിധ്യമായിരുന്നു സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യ. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവനെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.